സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി;സംസ്ഥാനത്ത് മുഖ്യമന്ത്രി പതാക ഉയര്‍ത്തി



77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ശേഷം പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.


1800ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. 50ഓളം നഴ്‌സുമാരേയും അവരുടെ കുടുംബാംഗങ്ങളേയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് സ്വീകരിച്ചത്. സൈനിക മേധാവികളും പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ സന്നിഹിതരായിരുന്നു.


ത്രിവര്‍ണ നിറത്തിലുള്ള തലപ്പാവ് അണിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തിയത്. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയ ശേഷം എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ ചെങ്കോട്ടയില്‍ പുഷ്പവൃഷ്ടിയും നടത്തി. പഴുതടച്ച ക്രമീകരണങ്ങള്‍ ചെങ്കോട്ടയില്‍ ഒരുക്കിയിട്ടുണ്ട്. ത്രിതല സുരക്ഷയാണ് ചെങ്കോട്ടയില്‍ ഉള്ളത്, ഒപ്പം ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികളിലും പ്രധാന നഗരങ്ങളിലും, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒന്‍പത് മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടന്നു. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് സന്ദേശം നല്‍കി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കും.


Post a Comment

Previous Post Next Post