വയനാട്: മകളുമായി പുഴയിൽച്ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഗർഭിണിയായ യുവതി മരിച്ചു. വെണ്ണിയോട്ടെ കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദർശനയാണ് (32) മരിച്ചത്. ഇവർ നാലുമാസം ഗർഭിണിയാണ്.
ദർശന പുഴയിലേക്ക് എടുത്തെറിഞ്ഞ മകൾ ദക്ഷയെ ഇനിയും കണ്ടെത്താനായിട്ടില്ല. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരമാണ് ദർശന മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 3.30-ഓടെയായിരുന്നു സംഭവം. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽനിന്നാണ് അഞ്ചുവയസുള്ള കുഞ്ഞുമായി ദർശന പുഴയിൽച്ചാടിയത്. പാലത്തിന് സമീപം താമസിക്കുന്ന എം.സി. കേളുവിന്റെ മകൻ നിഖിലാണ് ദർശനയെ പുഴയിൽനിന്നും രക്ഷപ്പെടുത്തിയത്.
പാലത്തിനുമുകളിൽനിന്ന് ദർശന ചാടുന്നത് കണ്ട നിഖിൽ പിന്നാലെ പുഴയിൽ ചാടി 60 മീറ്ററോളം നീന്തി ദർശനയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന്, നാട്ടുകാർ ഇവരെ കല്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ തെരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും കണ്ടെത്തിയില്ല. കല്പറ്റ സെന്റ്. ജോസഫ്സ് സ്കൂളിലെ യുകെജി വിദ്യാർഥിയാണ് ദക്ഷ.

Post a Comment