ശ്രീകണ്ഠപുരം: പയ്യാവൂര്‍ പാടാംകവല പ്രദേശങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം രണ്ടാം ദിനവും പ്രദേശത്തു ഭീതി പരത്തി.
പാടാംകവല മദര്‍ തെരേസ പള്ളി വികാരി ഫാ. ജിസ് കളപ്പുരക്കലിന്റെ വാഹനത്തിനുനേരെ ആനക്കൂട്ടം ആക്രമിക്കാൻ ഓടിയടുത്തെങ്കിലും കാര്‍ വെട്ടിച്ചു മാറ്റി ഓടിച്ചതിനെ തുടര്‍ന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഏറ്റുപാറ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചു മടങ്ങുന്ന വഴിയാണ് വികാരി ആനക്കൂട്ടത്തിന്റെ മുന്നില്‍ പെട്ടത്.
ദിവസങ്ങളായി മേഖലയില്‍ തമ്ബടിച്ച കാട്ടാനക്കൂട്ടം മേഖലയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. ആന, പള്ളി വികാരിയെ ആക്രമിക്കാൻ ശ്രമിച്ചതോടെ മേഖലയില്‍ ആളുകള്‍ ഭയവിഹ്വലരാണ്. പാടാംകവല വനം വകുപ്പ് ഓഫിസിന് അടുത്താണ് ആന ആക്രമിക്കാൻ ശ്രമിച്ചത്.
ആനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മേഖലയിലെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. പഞ്ചായത്ത് സൗരോര്‍ജ വേലി സ്ഥാപിച്ചതോടെ ആനശല്യം അവസാനിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ആക്രമണം ദിനംപ്രതി വര്‍ധിച്ചുവരുകയാണുണ്ടായത്.
പയ്യാവൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തികളില്‍ സൗരോര്‍ജ തൂക്കുവേലിയൊരുക്കിയിട്ടും ആനകളിറങ്ങുന്നത് വിവാദമായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് സ്ഥലത്തെത്തി പത്തോളം ആനകളെ കാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. കേരള വനത്തിലും അതിര്‍ത്തിയിലെ കാടുവെട്ടി തെളിക്കാത്ത സ്വകാര്യ ഭൂമിയിലും ഇനിയും കാട്ടാനകളുണ്ടാവുമെന്നും തുടര്‍ച്ചയായ പരിശ്രമത്തിലൂടെ മാത്രമേ എല്ലാ ആനകളെയും കാട്ടിലേക്ക് തുരത്താൻ സാധിക്കുകയുള്ളൂവെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

Post a Comment