കൊച്ചി: ആലുവയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശികളുടെ മകള്‍ ഇനി കേരളത്തിന്റെ മണ്ണില്‍ ഉറങ്ങും. മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം 11:15ഓടെ കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ ആ കുഞ്ഞുശരീരം സംസ്കരിച്ചു.
അവള്‍ക്കായി തയാറാക്കിയ ആ കുഞ്ഞുകുഴിയിലേക്ക് അവളുടെ ശരീരം ഇറക്കിവയ്ക്കുമ്പോള്‍ ചങ്ക് പൊട്ടി കരഞ്ഞത് കുടുംബാംഗങ്ങള്‍ മാത്രമായിരുന്നില്ല. അവിടെ കൂടിനില്ക്കുന്നവരുടെ മുഴുവന്‍ വിങ്ങലും തേങ്ങലുമെല്ലാം ആ അന്തരീക്ഷത്തില്‍ മുഴങ്ങികേള്‍ക്കാമായിരുന്നു.
വാര്‍ത്തകളിലൂടെ കേട്ടറിഞ്ഞ അതിഥി തൊഴിലാളിയുടെ മകളെ യാത്രയാക്കാനെത്തിയവരല്ല അവിടെ തടിച്ചുകൂടിയിരുന്നവരില് ആരും. എല്ലാവരും സ്വന്തം മകള്‍ക്ക് യാത്രാമൊഴി ചൊല്ലാന്‍ എത്തിയവര്‍ തന്നെയാണ്.
അവള്‍ക്കരികിലെത്തിയ പലരും തലതല്ലിയും സ്വയം പഴിച്ചും വിലപിക്കുണ്ടായിരുന്നു.ഇതൊരു മാപ്പ് പറച്ചില് കൂടിയാണ്. കാണാതായ സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെവച്ച് അവള് പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നതിന് മുമ്പ് അവിടെയെത്തി അവളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രം ഇപ്പോഴും ബാക്കിയാണ്.

Post a Comment