അങ്ങാടിക്കടവ്: ജീവനക്കാര്‍ കൃത്യസമയത്ത് ജോലിക്ക് ഹാജരാകാത്തിലും പുതുതായി ചുമതലയേറ്റ സെക്രട്ടറി ദീര്‍ഘാവധിയില്‍ പ്രവേശിച്ചിട്ടും ചുമതല കൈമാറാത്തതിലും പ്രതിഷേധിച്ച് പഞ്ചായത്ത് മെംബര്‍ ഓഫീസിന്‍റെ പ്രവേശന കവാടം അടച്ചിട്ടു.
അയ്യൻകുന്ന് പഞ്ചായത്ത് ഏഴാം വാര്‍ഡായ ഈന്തുംകരിയിലെ മെംബര്‍ ജോസ് എ വണ്‍ ആണ് പ്രതിഷേധിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു ഗേറ്റ് അടച്ചിട്ടത്. അടുത്ത ദിവസം മുതല്‍ ഓഫീസ് സമയത്ത് എത്താത്തവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും ജോസ് എ വണ്‍ പറഞ്ഞു.
പ്രസിഡന്‍റ് കൃത്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും വ്യക്തമായ രാഷ്‌ട്രീയത്തോടെയാണ് ജോയിന്‍റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എട്ടുപേര്‍ സ്ഥലം മാറി പോയിട്ടും ഇതുവരെ ഒരാള്‍ മാത്രമാണ് പകരം ജോലിക്ക് പ്രവേശിച്ചത്. സെക്രട്ടറിയുടെ അഭാവം മൂലം പഞ്ചായത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ വരുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനത്തിന്‍റെ സിഎസ്‌ആര്‍ ഫണ്ട് നഷ്ടമാകുന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സിഎസ്‌ആര്‍ രജിസ്ട്രേഷൻ നടത്താത്തത് മൂലമാണ് ഈ സാഹചര്യം വന്നിരിക്കുന്നത്.
കൂട്ട സ്ഥലം മാറ്റം, പകരക്കാരില്ല
സെക്രട്ടറി അടക്കം പഞ്ചായത്തിലെ എട്ടു ജീവനക്കാരാണ് ഒരേസമയം സ്ഥലം മാറിപ്പോയത്. സ്ഥലം മാറ്റത്തിനൊപ്പം പുതിയ സെക്രട്ടറി പത്തു ദിവസത്തിനകം ചുമതല ഏല്‍ക്കണമെന്നും അല്ലാത്ത പക്ഷം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഡയറക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സെക്രട്ടറി ജോലിക്ക് ഹാജരായി അന്നു തന്നെ അവധിയില്‍ പോകുകയായിരുന്നു.
ഇതിനിടെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കാനുള്ള അധികാരം സെക്രട്ടറിക്കു മാത്രമാണെന്ന് കാണിച്ച് ഡയറക്ടറുടെ ഉത്തരവിനെ മറികടന്ന് ജോയിന്‍റ് ഡയറക്ടര്‍ ഉത്തരവിറക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
പുതുതായി ചുമതലയേറ്റ സെക്രട്ടറിക്ക് ലീവ് അനുവദിച്ചിട്ടില്ലെന്നാണ് ജോയിന്‍റ് സെക്രട്ടറിയുടെ ഓഫീസ് പറയുന്നത്. സെക്രട്ടറിയോ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനോ ഇല്ലാത്തത് കാരണം ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്.
.

Post a Comment