കാസര്‍കോട്: കന്നുകാലികളില്‍ പടര്‍ന്നുപിടിക്കുന്ന അജ്ഞാത രോഗത്തിന്റെ ആശങ്കയിലാണ് കാസര്‍കോട് ജില്ലയിലെ തെക്കൻ ഭാഗങ്ങളിലെ ക്ഷീരകര്‍ഷകര്‍.
ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, പിലിക്കോട്, പടന്ന, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലാണ് അജ്ഞാത രോഗം കന്നുകാലികളില്‍ പടര്‍ന്നുപിടിക്കുന്നത്.
ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപത്തെ കണ്ടോത്തുംപുറം പ്രമോദിന്റെ വീട്ടിലെ പശുക്കിടാവ് രോഗം ബാധിച്ചു ചത്തു. കറവയുള്ള പശുവിനും രോഗം ബാധിച്ചിട്ടുണ്ട്. കൊവ്വല്‍ വടക്കുമ്ബാട്ടെ വള്ളിയോട്ട് ശ്രീധരന്റെ അഞ്ചു പശുക്കള്‍ക്ക് രോഗം പിടിപെട്ടതോടെ ഏറെ വിഷമത്തിലാണ് ഈ ക്ഷീരകര്‍ഷകൻ. എഴുന്നേറ്റ് നില്‍ക്കാനോ തീറ്റ എടുക്കാനോ കഴിയാതെ അവശതയോടെ പശുക്കള്‍ കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.
മേഖലയില്‍ നിരവധി പശുക്കളില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. കാലിലും വായയിലും മൂക്കിലുമെല്ലാം വ്രണം രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. അസുഖം ബാധിച്ചവയെ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടര്‍മാരും പരിശോധിക്കുന്നുണ്ടെങ്കിലും ആശങ്കകള്‍ അകറ്റാൻ സാധിച്ചിട്ടില്ല. തക്കസമയത്ത് ഡോക്ടര്‍മാരെ കിട്ടാത്ത അവസ്ഥയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയാണ്. ക്ഷീര മേഖലയെ ആശ്രയിക്കുന്നവര്‍ വായ്പ തിരിച്ചടയ്ക്കാൻ പ്രയാസം നേരിടുന്ന അവസ്ഥയാണിപ്പോള്‍.
നടുവൊടിഞ്ഞ് ക്ഷീരകര്‍ഷകര്‍
തൊഴുത്തിലെ കന്നുകാലികളെയും കിടാങ്ങളെയും ചൂണ്ടിക്കാട്ടി സങ്കടത്തോടെ കഴിയുകയാണ് വടക്കുമ്ബാടെ ശ്രീധരൻ പള്ളിയോട്ട്. പശുക്കളില്‍ പടര്‍ന്നുപിടിച്ച രോഗത്തെ തുടര്‍ന്ന് മിക്ക ക്ഷീരകര്‍ഷകരുടെയും സ്ഥിതിയാണിത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് പലരും പശുക്കളെ വാങ്ങിയത്. ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രമാണ് ക്ഷീരകര്‍ഷകരുടെ കുടുംബത്തിന് ആശ്രയം. മൂന്ന് കറവപ്പശുക്കളും രണ്ട് കിടാങ്ങളുമാണ് ശ്രീധരനുള്ളത്. ഇവക്കെല്ലാം അസുഖം പിടിച്ചിരിക്കുകയാണ്. അസുഖം ബാധിച്ചത് മുതല്‍ ക്ഷീരസംഘത്തില്‍ പാല്‍ അളക്കാനും സാധിക്കുന്നില്ല.
കുറഞ്ഞു പ്രതിരോധം
പ്രതിരോധശേഷി ജന്മനാ ലഭിച്ചിരുന്ന തനതു കന്നുകാലി ജനുസുകള്‍ക്ക് പകരം ഉല്‍പാദനക്ഷമതയേറിയ വിദേശ സങ്കര ജനുസുകള്‍ എത്തിയതോടെയാണ് രോഗങ്ങളുടെ കടന്നുകയറ്റം രൂക്ഷമായത്. കാലിവസന്ത, കുളമ്ബുരോഗം, അകിടുവീക്കം, അടപ്പൻ, കുരളടപ്പൻ, കരിങ്കാല്‍രോഗം, ആടുവസന്ത തുടങ്ങിയ രോഗങ്ങള്‍ വൻ ഭീഷണിയാണ് ഉയര്‍ത്തുന്നത്. രോഗങ്ങള്‍ കാരണമുണ്ടാകുന്ന ജീവനാശം, ഉല്‍പാദന, പ്രത്യുല്‍പാദന ക്ഷമതയിലെ കുറവ്, ഉയര്‍ന്ന ചികിത്സാച്ചെലവ് തുടങ്ങിയവ ക്ഷീരകര്‍ഷകരെയും ദേശീയ സമ്ബദ്ഘടനയെപ്പോലും സാരമായി ബാധിച്ചു. കുളമ്ബുരോഗം മൂലമുള്ള ശരാശരി വാര്‍ഷിക സാമ്ബത്തിക നഷ്ടം 20,000 കോടി രൂപയിലധികമാണെന്നത് തന്നെ ഞെട്ടിക്കുന്ന കണക്കാണ്.കൂട്ടത്തില്‍ കാലിവസന്തയെ ഇല്ലാതായെന്നതു മാത്രമാണ് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന വിവരം.
പശുക്കളെ ബാധിക്കുന്നത് വൈറസ് രോഗമാണെന്ന് കരുതുന്നു. കാലിന് വ്രണമുണ്ടാകുന്നതും തീറ്റ എടുക്കാതിരിക്കുന്നതും കുളമ്ബ് രോഗത്തിന്റെ ലക്ഷണവുമാകാം. രോഗം വന്ന പശുക്കള്‍ക്ക് വാക്സിനേഷൻ നടത്തി യിട്ടുണ്ട്. എന്നാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ പാലോട് റീജണല്‍ ലാബിലേക്ക് അയച്ചിട്ടുള്ള സാമ്ബിള്‍ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ രോഗം എന്തെന്ന് തെളിയുകയുള്ളൂ. അന്യസംസ്ഥാനങ്ങളില്‍ നിന്നും കച്ചവടക്കാര്‍ മുഖേന രോഗം ബാധിച്ച ഏതെങ്കിലും പശുക്കളെ കൊണ്ടുവന്നതും രോഗം പടരാൻ കാരണമായേക്കാം. വൈറസ് രോഗം എളുപ്പം പടരും. രോഗം ബാധിച്ച സ്ഥലങ്ങളില്‍ നിന്ന് പശുക്കളെ മാറ്റുന്നത് തല്‍ക്കാലം തടഞ്ഞിട്ടുണ്ട്. പ്രതിരോധ നടപടിയും എടുക്കുന്നുണ്ട്.
ഡോ. ജയപ്രകാശ് ( കാസര്‍കോട് ജില്ലാ ഓഫീസര്‍, മൃഗസംരക്ഷണ വകുപ്പ്)

Post a Comment