രാജന്‍ മാഷിനുണ്ടൊരു ഏദന്‍തോട്ടം‌

 


ചപ്പാരപ്പടവ്: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്പോള്‍ മണ്ണിനെക്കുറിച്ചും പ്രകൃതിയെ കുറിച്ചും ബോധവത്കരണം നടത്താറുള്ള കൂവേരിയിലെ കെ.വി.രാജൻ എന്ന അധ്യാപകൻ സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ താൻ പറഞ്ഞതൊന്നും വെറും വാക്കുകളല്ലെന്ന് തെളിയിക്കുകയാണ്. കൂവേരിയിലുള്ള ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തില്‍ സ്വദേശികളും വിദേശികളുമായ 36 തരം പഴവര്‍ഗങ്ങള്‍ വിളഞ്ഞുനില്‍ക്കുകയാണ്. 


അബിയു, അവക്കാഡോ, ആപ്പിള്‍ ബെര്‍, ലോംഗൻ, മൂട്ടിപ്പഴം, മാലേഷ്യൻ ചാമ്ബ, ചൈനീസ് ഓറഞ്ച് ,സുരിനാം, പുലാസാൻ, ചെറി, പിസ്ത, മാംഗോസ്റ്റിൻ, പീനട്ട് ബട്ടര്‍, ചെമ്ബടാക്, പൂച്ച പഴം, റംബൂട്ടാൻ, മുള്ളാത്ത, കാരംബോള, മധുര അമ്ബഴം, ലിച്ചി, പേര റെഡ്, ഇസ്രയേല്‍ ഓറഞ്ച്, രാജപുളി, വിയറ്റ്നാം ഏര്‍ലി, ചെമ്ബരത്തി വരിക്ക എന്നിവയെല്ലാം തോട്ടത്തിലെ പ്രധാനികളാണ്. 


ഒരേക്കറോളം നെല്‍ക്കൃഷിയുമുണ്ട്. പൂര്‍ണമായും ജൈവകൃഷി രീതിയാണ് ഇദ്ദേഹത്തിന്‍റെ പ്രത്യേകത. തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, റബര്‍ എന്നിവയ്ക്കു പുറമേ 35 ഇനം ഒട്ടുമാവ്, 50 ഇനം പ്ലാവ്, ആറിനം വാഴകള്‍ എന്നിവയുമുണ്ട്. മഴമറ പച്ചക്കറി കൃഷിയിലും സജീവമാണ്. വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളൻ എന്നീ ഇനത്തില്‍പെട്ട പശുക്കളെയും വളര്‍ത്തുന്നു. 


ജീവാമൃതവും, ജീവാണു വളവും സ്വന്തമായി നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. 2015 ല്‍ കണിയഞ്ചാല്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ നിന്ന് പ്രിൻസിപ്പലായിട്ടായിരുന്നു സര്‍വീസില്‍ നിന്ന് വിരമിച്ചത്. അതിനുശേഷം ആറു വര്‍ഷം സിബിഎസ്‌ഇ സ്കൂളിലും പ്രിൻസിപ്പലായും ജോലി ചെയ്തിരുന്നു. കൃഷിയെന്നത് ഹരവും സന്തോഷവുമാണെന്ന് രാജൻ മാഷ് പറയുന്നു.

Post a Comment

Previous Post Next Post