കളമശേരി: ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിനിന്‍റെ ബോഗികള്‍ വേര്‍പെട്ടു. ഇന്നലെ രാത്രി 8.10 ഓടെ കളമശേരിക്കും, ഇടപ്പള്ളി സ്റ്റേഷനുമിടയില്‍ പീച്ചിങ്ങാപ്പറമ്ബ് കിണര്‍ ജംഷനിലാണ് ഗുഡ്‌സ് ട്രെയിനിന്‍റെ ബോഗികള്‍ വേര്‍പെട്ടത്.
പാലക്കാട് നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഗുഡ്‌സ് ട്രെയിനിന്‍റെ ബോഗിയാണ് വിട്ടുപോയത്. വലിയ ശബ്ദം കേട്ടാണ് പരിസരവാസികള്‍ ഓടികൂടിയത്. എന്‍ജിനില്‍ നിന്നും 25 ഓളം ബോഗികള്‍ക്ക് ശേഷമുള്ള ബോഗികളാണ് വേര്‍പെട്ടത്. കപ്ലിംഗ് വിട്ടു പോയതിനെ തുടര്‍ന്ന് എന്‍ജിനില്‍ നിന്നുള്ള ബന്ധം നഷ്ടമാവുയായിരുന്നു.
ലോക്കോ പൈലറ്റ് ഇറങ്ങിവന്ന് എന്‍ജിന്‍ പിറകോട്ട് എടുത്ത് വിട്ടുപോയ ബോഗികള്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ച് എന്‍ജിനടങ്ങുന്ന ഭാഗത്തെ ബോഗികളുമായി ഇടപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ സമീപത്തേക്ക് പോയി.
അവിടെ നിര്‍ത്തിയ ശേഷം ഈ എന്‍ജിന്‍ തന്നെയെത്തിച്ച് സംഭവസ്ഥലത്തെ ബോഗികള്‍ ഇവിടെ നിന്നും എറണാകുളം ഭാഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ രാത്രി നടത്തി. ട്രെയിന്‍ പാളം തെറ്റുകയോ ബോഗികള്‍ ട്രാക്കില്‍ നിന്നും മാറുകയോ ചെയ്തിരുന്നില്ല. രണ്ട് ട്രാക്കുകളാണുള്ളത്. സംഭവം നടന്ന ട്രാക്ക് വഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം നിലച്ചു.

Post a Comment