സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതല്‍

 


തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതല്‍ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് മന്ത്രി ആന്റണി രാജു.

ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച്‌ ഒമ്ബത് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, നാല് വരി ദേശീയ പാതയില്‍ 100, മറ്റ് ദേശീയപാത, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്‍ 70, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.


ഒമ്ബത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, നാല് വരി ദേശീയ പാതയില്‍ 90, മറ്റ് ദേശീയപാതകളില്‍ 85, നാല് വരി സംസ്ഥാന പാതയില്‍ 80 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളില്‍ 60, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്. ചരക്ക് വാഹനങ്ങളുടെ വേഗപരിധി ആറ് വരി, നാല് വരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ ആയും നിജപ്പെടുത്തിയിട്ടുണ്ട്.


ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്. സംസ്ഥാനത്ത് 2014-ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുന്നത്. 



Post a Comment

Previous Post Next Post