പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കുക:ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 


കണ്ണൂര്‍ : മഴക്കാലം ആരംഭിച്ചതിനാല്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ജില്ലയിലെ മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.

കെ. നാരായണ നായ്ക്് അറിയിച്ചു. ജില്ലയുടെ ചില പ്രദേശങ്ങളില്‍ നിന്ന് മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആഹാരശുചിത്വം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണം.

കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് തണുപ്പിക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച്‌ കൃത്യമായ ഇടവേളകളില്‍ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുകയോ സൂക്ഷിക്കുകയോ വിതരണം നടത്തുകയോ ചെയ്യരുത്.


വിദ്യാലയങ്ങള്‍. ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, ബാറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ശുചിത്വസംവിധാനങ്ങള്‍ നിര്‍ബന്ധമായും പരിപാലിക്കുക. ആഘോഷങ്ങളിലും മറ്റ് ചടങ്ങുകളിലും ഭക്ഷണം ഉണ്ടാക്കുന്നതിലും വിതരണം ചെയ്യുന്നതിലും അങ്ങേയറ്റം ജാഗ്രത പാലിക്കുക. ചെളിയും വെള്ളവും നിറഞ്ഞ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എലിപ്പനി രോഗബാധ തടയുന്നതിന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച്‌ ഡോക്‌സി സൈക്ലിൻ ഗുളികകള്‍ കൃത്യമായി മുഴുവൻ ഡോസുകളും കഴിക്കുക. മുൻകരുതലായി കയ്യുറ, ഗംബൂട്ട് എന്നിവ നിബന്ധമായും ധരിക്കുക.


ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ തടയാൻ കൊതുകുകള്‍ പെരുകുന്ന ഉറവിടങ്ങള്‍ ഇല്ലാതാക്കുക. വീടിനുള്ളിലെ അലങ്കാര ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനടിയിലെ വാട്ടര്‍ ട്രേ, ഉപയോഗയോഗ്യമല്ലാത്ത അക്വേറിയം, ആട്ടുകല്ല് എന്നിവ പരിശോധിച്ച്‌ കൊതുകിന്റെ കൂത്താടികള്‍ വളരുന്നില്ലെന്ന് ഉറപ്പാക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിച്ച്‌ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവൻ ആളുകളുടെയും പങ്കാളിത്തം ഉണ്ടാകണം. ഏതുരീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാലും സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കണ്ട് അവരുടെ നിര്‍ദേശപ്രകാരം മാത്രം ചികിത്സ തേടണമെന്ന് ഡിഎംഒ അറിയിച്ചു.

Post a Comment

Previous Post Next Post