കരുവഞ്ചാൽ: കാലവർഷം ശക്തിപ്രാപിച്ചു തുടങ്ങിയതോടെ നടുവിൽ പഞ്ചായത്തിലെ പാത്തൻപാറ മൈലംപെട്ടി നിവാസികൾ ആശങ്കയിൽ. പാത്തൻപാറയിലെ കരിങ്കൽ ക്വാറിക്ക് ചുറ്റും കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഭൂമി വിണ്ടുകീറിയതാണ് പ്രദേശവാസികളുടെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നത്. അന്ന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഒന്നു മുതൽ രണ്ട് മീറ്റർ വരെ വീതിയിലും ഒന്നു മുതൽ ഏഴു മീറ്റർ വരെ താഴ്ചയിലും ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു.
മലമുകളിൽ നിന്ന് ക്വാറിക്ക് ചുറ്റുമായി മൂന്ന് മീറ്റർ താഴ്ചയിൽ മണ്ണ് നിരങ്ങി നീങ്ങുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് ഇവിടുത്തെ മരങ്ങൾ ഉൾപ്പെടെ കരിഞ്ഞുണങ്ങുകയും ചെയ്തു. പിന്നീട് ഓരോ ദിവസം ചെല്ലുന്തോറും ഭയപ്പെടുത്തുന്ന കാഴ്ചകൾ വർധിച്ചു കൊണ്ടേയിരുന്നു.
ജില്ലാ കളക്ടർ, തഹസിൽദാർ, ആർഡിഒ, വില്ലേജ് ഓഫീസർ, ജിയോളജി വകുപ്പ്, സോയിൽ ഡിപ്പാർട്ട്മെന്റ്, റവന്യൂ വകുപ്പ് തുടങ്ങി നിരവധി വകുപ്പ് മേലധികാരികളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചിരുന്നു.
ഇതോടെ അപകടസ്ഥിതി എല്ലാവർക്കും ബോധ്യമായതാണ്. പഠനങ്ങളുടെ ഭാഗമായി ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാനും പുതുതായി രൂപപ്പെട്ട ചാല് മണ്ണിടിച്ച് മൂടുന്നതിനും അപകടസ്ഥിതി ഒഴിവാക്കാനും ക്വാറിയുടമകൾക്ക് ജില്ലാ കളക്ടർ നിർദേശവും നൽകിയിരുന്നു.
ചെങ്കുത്തായ ഈ മലയുടെ മുകളിൽ രണ്ട് പട്ടികജാതി വർഗ കോളനിയുണ്ട്. ഈ ക്വാറിയ്ക്ക് മുകളിൽ കാലവർഷത്തിൽ രൂപപ്പെടാറുള്ള രണ്ട് തോടുകൾ ഉണ്ട്. ഈ തോട്ടിലൂടെ വെള്ളം വന്നാൽ ഈ ചാലിൽ കൂടിയിറങ്ങി വലിയ ദുരന്തം ഉണ്ടാകാൻ സാധ്യത ഏറെയാണ്.
മഴ ശക്തമായാൽ ഉരുൾപൊട്ടലിനും സാധ്യത ഉണ്ട്. 2018ലും ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ക്വാറിയ്ക്ക് അനുമതി നൽകുന്നതിന് മുമ്പുതന്നെ പ്രദേശവാസികൾ ഇതിനെതിരേ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നിട്ടും ഉടമയ്ക്കുള്ള സ്വാധീനം കാരണം ക്വാറിക്ക് അനുമതി ലഭിച്ചു. 100 അടിയോളം താഴ്ചയിൽ ഇവർ ഇവിടെ കരിങ്കല്ല് പൊട്ടിച്ച് നീക്കുകയും ചെയ്തു.
നിലവിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നാണ് തളിപ്പറമ്പ് തഹസിൽദാർ സജീവനും, വെള്ളാട് വില്ലേജ് ഓഫീസർ രാജേഷും പറയുന്നത്. ക്വാറിക്ക് മുകളിൽ കാലവർഷത്തിൽ രൂപപ്പെടുന്ന രണ്ട് തോടിലെയും വെള്ളം ക്വാറിക്ക് ചുറ്റും ഒഴുകിപ്പോകുന്ന വിധത്തിൽ പുതിയ ചാലുകൾ നിർമിച്ചിട്ടുണ്ട്. ക്വാറിക്ക് മുകളിലുള്ള മണ്ണ് ഇടിഞ്ഞു വീണാൽ തന്നെ അത് ക്വാറി നിലനിന്നിരുന്ന കുഴിയിൽ പതിക്കുന്നതിനും താഴ്ന്ന പ്രദേശത്തേക്ക് ഒഴുകി പോകാതിരിക്കാൻ അഞ്ചു മീറ്റർ വീതിയിലും അഞ്ചു മീറ്റർ ഉയരത്തിലും കരിങ്കല്ലുകൾ കൊണ്ട് ബണ്ട് നിർമിച്ച് തടഞ്ഞ നിലയിലുമാണ്.
ക്വാറിയുടെ മുകൾ ഭാഗത്തേക്ക് വാഹനങ്ങൾക്ക് കയറി ചെല്ലാൻ സാധിക്കാത്തതിനാൽ ആണ് പുതുതായി രൂപപ്പെട്ട ചാലുകൾ മൂടാൻ കഴിയാത്തതെന്ന് ക്വാറി ഉടമകളും പറയുന്നു. ക്വാറിക്ക് മുകളിലെ തോട്ടിലെ വെള്ളം വഴിതിരിച്ചു വിട്ടാലും ശക്തമായ മഴവെള്ളം ചാലിലൂടെ താഴ്ന്ന് ഇറങ്ങാം. ഇത് ഒരുപക്ഷേ ഉരുൾപൊട്ടലിനും വഴി വച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ പ്രദേശത്തെ മണ്ണ് മുഴുവൻ ഉൾക്കൊള്ളാൻ ക്വാറി കുഴിയ്ക്ക് സാധിച്ചെന്നു വരില്ല. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകാം.
ഒരു മലവെള്ളപ്പാച്ചിൽ വന്നാൽ കുപ്പം പുഴയുടെ ഭാഗമായ കരുവഞ്ചാൽ പുഴയിലേക്കാണ് മണ്ണും കല്ലും മരങ്ങളും ഉൾപ്പെടെ എത്തിച്ചേരുക. ഇത് പാത്തൻപാറ മുതൽ വെള്ളാട് കരുവഞ്ചാൽ വരെ വലിയ ദുരന്തങ്ങൾക്ക് കാരണമാകാം. ഒരുകാലത്ത് കമുക്, തെങ്ങ് തുടങ്ങിയ കൃഷികൾ ചെയ്ത് വളരെ സന്തുഷ്ടരായി ജീവിച്ചിരുന്ന സാധാരണ കർഷകർക്കാണ് ക്വാറിയുടെ പ്രവർത്തനം തുടങ്ങിയതോടെ ജീവിതത്തിന് സുരക്ഷിതം ഇല്ലാതായി തീർന്നിരിക്കുന്നത്.
മഴ തുടങ്ങിയതോടെയാണ് ക്വാറിയുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ജിയോളജി വകുപ്പും സോയിൽ ഡിപ്പാർട്ട്മെന്റും കണ്ണൂർ എൻജിനിയറിംഗ് കോളജ് അധികൃതരും ഉടൻ ഇവിടെ എത്തി നിലവിലെ സ്ഥിതി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് വേണ്ടി തഹസിൽദാർ സജീവനും വില്ലേജ് ഓഫീസർ രാജേഷും മേലധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റെഡ് അലർട്ട് ഉണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനും മുൻ കരുതൽ സ്വീകരിക്കണം.
Post a Comment