അവസരങ്ങളുടെ ജാലകം തുറക്കാൻ ദിശാദർശൻ വിങ്സ്; കരിയർ എക്സ്പോയും മെരിറ്റ് അവാർഡ്‌ വിതരണവും വിങ്‌സ് 23, ജൂണ്‍ 10, 11 തീയതികളിൽ


ആലക്കോട് : ഇരിക്കുർ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസപദ്ധതിയായ ദിശാദർശന്റെയും വിദ്യാഭ്യാസവകുപ്പ് ഗൈഡൻസ് സെല്ലിന്റെയും സംയുക്ത നേതൃത്വത്തിലുള്ള കരിയർ എക്സ്പോയും മെരിറ്റ് അവാർഡ്‌ വിതരണവും വിങ്‌സ് 23, ജൂണ്‍ 10, 11 തീയതികളിൽ വായാട്ടുപറമ്പ് സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.


ഇരിക്കൂർ നിയോജക മണ്ഡലത്തിലെ 1500 വിദ്യാർഥികൾ രണ്ടുദിവസത്തെ പരിപാടികളിൽ പങ്കെടുക്കുമെന്ന് സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു.


ജൂണ്‍ 11-ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മെറിറ്റ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത്‌ അവാർഡുകൾ വിതരണം ചെയ്യും. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നൂറുശതമാനം വിജയം നേടിയ സ്കൂളുകൾക്കും 10, 12 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുമാണ് ദിശാദർശൻ മെറിറ്റ് ചടങ്ങിൽ അനുമോദിച്ച് അവാർഡുകൾ നൽകുക. ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.


10-ന് സിനിമാതാരം ശ്രീനിവാസൻ മുഖ്യാതിഥിയായിരിക്കും. പൊതു വിദ്യാഭ്യാസവകുപ്പിന്റെ കെ. ഡാറ്റ അഭിരുചി പരീക്ഷ കരിയർ എക്സ്‌പോയിലെ ആകർഷകമായ ഇനമാണ്.


മുൻകൂട്ടി രജിസ്റ്റർചെയ്യുന്ന 80 വിദ്യാർഥികൾക്കാണ് രണ്ടുദിവസങ്ങളിലായി സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാനാകുക. ഇക്കൊല്ലത്തെ കരിയർ എക്സ്പോയിൽ ഭിന്നശേഷികുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രത്യേക സെമിനാർ നടത്തുമെന്ന് സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു.


Post a Comment

Previous Post Next Post