കണ്ടെയ്നര്‍ കെട്ടിടം ഒരുങ്ങുന്നു കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തനം കൂട്ടുപുഴയിലേക്ക് മാറ്റും.



ഇരിട്ടി: നാല് പതിറ്റാണ്ടിലേറെയായി കിളിയന്തറയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എക്സൈസിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റ് കൂട്ടുപുഴ പാലത്തിന് സമീപത്തേക്ക് മാറ്റുന്നു.

പാലത്തിനിന് സമീപം ഇതിനായി പൊതുമരാമത്ത് വകുപ്പ് വിട്ടുകൊടുത്ത സ്ഥലത്ത് കണ്ടെയ്നര്‍ കെട്ടിടം പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. അവസാനഘട്ട പ്രവര്‍ത്തികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാവും. സംസ്ഥാന നിര്‍മ്മിതി കേന്ദ്രം മുഖേനയാണ് റയില്‍വേ കോച്ച്‌ മാതൃകയിലുള്ള കണ്ടെയ്നര്‍ കെട്ടിടം എറണാകുളത്തു നിന്നും കൂട്ടുപുഴയില്‍ എത്തിച്ചത്. 40 അടി നീളവും 10 അടി വീതിയിലുമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ ചിലവ് 21 ലക്ഷം രൂപയാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കുള്ള മുറികളും, മറ്റ് രണ്ട് മുറികളും, ബാത്റൂമും ഉള്‍പ്പെടുന്നതാണ് കണ്ടെയിനര്‍ സംവിധാനം. ശീതീകരണ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. കേരളാ - കര്‍ണ്ണാടകാ പാതയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റ് എന്ന നിലയില്‍ 1984 മുതല്‍ ആണ് കിളിയന്തറയില്‍ എക്സൈസ് ചെക്ക്പോസ്റ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്വകാര്യ വ്യക്തി വിട്ടുനല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് ചെക്ക്‌പോസ്റ്റില്‍ നിര്‍മ്മാണം നടത്തിയത്. കേരള - കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യന്നത്. മലയോര മേഖലയും അതിര്‍ത്തി പ്രദേശവും എന്ന നിലയില്‍ കര്‍ണ്ണാടകത്തില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ തക്കവണ്ണമുള്ള ഊടുവഴികള്‍ അന്ന് വിരളമായിരുന്നു. എന്നാല്‍ പ്രദേശങ്ങള്‍ വികസിക്കുകയും കച്ചേരിക്കടവ് പാലം ഉള്‍പ്പെടെ വരികയും ചെയ്തതോടെ കര്ണ്ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും മറ്റും ഇപ്പോള്‍ സ്ഥിതിചെയ്യുന്ന എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരുടെ കണ്ണ് വെട്ടിച്ചു കടത്തിക്കൊണ്ടുപോകാന്‍ നിരവധി വഴികള്‍ രൂപപ്പെട്ടു. കൂട്ടുപുഴയില്‍ പുതിയ പാലം യാഥാര്‍ത്ഥ്യമായപ്പോള്‍ എക്സൈസ് ചെക്ക് പോസ്റ്റ് കൂട്ടുപുഴയിലേക്ക് മാറ്റണമെന്ന് ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. കൂട്ടുപുഴയില്‍ നിന്നും പേരട്ട വഴിയും കച്ചേരികടവ് പാലം കടന്നു എക്സൈസ് ചെക്ക് പോസ്റ്റ് തൊടാതെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാം എന്നിരിക്കെ കിളിയന്തറയിലെ ചെക്ക് പോസ്റ്റ് പ്രയോജനമില്ലെന്ന് അഭിപ്രായം ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് കിളിയന്തറയിലെ ചെക്ക് പോസ്റ്റ് കൂട്ടുപുഴിയിലേക്ക് മാറ്റാന്‍ വകുപ്പ് അനുമതി നല്‍കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ചെക്ക് പോസ്റ്റ്. ഒരേസമയം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ മൂന്ന് ഇന്‍സ്പെക്ടര്‍മാരും 6 പ്രിവന്റീവ് ഓഫീസര്‍മാരും 9 സിവില്‍ എക്സൈസ് ഓഫീസര്‍മാരും ഒരു വനിതാ ഗാര്‍ഡും ഉള്‍പ്പെടുന്നതാണ് ജീവനക്കാര്‍. വൈദ്യുതി കണക്ഷനും കുടിവെള്ള സൗകര്യവും യാഥാര്‍ത്ഥ്യമായാല്‍ ചെക്ക് പോസ്റ്റ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നതിന്റെ പിന്‍വശം ബാരാപ്പുഴ തീരം സംരക്ഷണഭിത്തിയും ചുറ്റുമതിലും നിര്‍മ്മിച്ച്‌ സുരക്ഷിതത്വം ഉറപ്പാക്കണം എന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.



Post a Comment

Previous Post Next Post