കൊച്ചി: യുവ ഡോക്ടറെ ക്രിമിനല്‍ കേസ് പ്രതി ആശുപത്രിയില്‍വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.
ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രി പൂട്ടിയിടൂ: സര്‍ക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം
ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രി പൂട്ടിയിടൂവെന്ന് ഹൈകോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ദാരുണ സംഭവത്തില്‍ സര്‍ക്കാറിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സര്‍വകലാശാല സമര്‍പ്പിച്ച അടിയന്തര ഹരജിയില്‍ പ്രത്യേക സിറ്റിങ് നടത്തവെയാണ് ഹൈകോടതി പൊതുസംവിധാനങ്ങളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്.
അക്രമങ്ങള്‍ ചെറുക്കാനുള്ള മുന്‍കൂര്‍ നടപടിക്ക് വേണ്ടിയല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയില്‍ തോക്ക് ഉണ്ടായിരുന്നില്ലേ?ആര്‍ക്ക് എന്ത് പറ്റിയാലും അവിടെയുള്ള സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമായിരുന്നു. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി നാളെ തന്നെ വിശദീകരണം നല്‍കണം.
ഡി.ജി.പി ഓണ്‍ലൈന്‍ വഴി ഹാജരാകണം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇന്ത്യയില്‍ എവിടെയെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?. ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റക്ക് നിര്‍ത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ദുരന്തമാണ്.
ഡോക്ടറുടെ മുന്നില്‍ പ്രതികളെ കൊണ്ടു വരുന്നതിന് പ്രോട്ടോകോള്‍ വേണം. കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് നടന്നതെന്നും ഹൈകോടതി വ്യക്തമാക്കി. നാളെ രാവിലെ 10 മണിക്ക് കേസ് വീണ്ടും പരിഗണിക്കും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സര്‍വകലാശാല സമര്‍പ്പിച്ച അടിയന്തര ഹരജിയിലാണ് ഇന്ന് ഉച്ചക്ക് 1.45 ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തിയത്.
നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സുരക്ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. മുമ്ബ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഹൈകോടതി സര്‍ക്കാറിന് ശക്തമായ താക്കീത് നല്‍കിയിരുന്നു.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഹൈകോടതി തുടര്‍നടപടി അവസാനിപ്പിച്ചിരുന്നു. അക്രമം തടയല്‍ നിയമത്തില്‍ നിയമനിര്‍മാണം കൊണ്ടു വരുകയോ ഭേദഗതി കൊണ്ടു വരുകയോ ചെയ്യുമെന്നാണ് സര്‍ക്കാര്‍ അന്ന് കോടതിക്ക് നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍, ഉറപ്പ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടറെയാണ് പൊലീസ് മെഡിക്കല്‍ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തി കൊലപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശി വന്ദന മേനോന്‍ (22) ആണ് മരിച്ചത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ദാരുണമായ സംഭവം. അടിപിടിക്കേസില്‍ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Post a Comment