മാഹി: മാഹി മേഖലയിലെ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതുച്ചേരി സര്‍ക്കാര്‍ യാത്ര സൗകര്യം നിഷേധിക്കുന്നതായി പരാതി.
പുതുച്ചേരി പി.ആര്‍.ടി.സിയുടെ നാല് ബസുകളും ഓടാതായതോടെ കേന്ദ്രീയ വിദ്യാലയം-സ്കൂള്‍-കോളജ്-ഐ.ടി.ഐ- പോളിടെക്നിക് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ദുരിതത്തിലായത്. രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ള പൊതുജനങ്ങള്‍ക്ക് യാത്രക്കൂലിയായി ഭീമമായ തുകയും നല്‍കേണ്ടിയും വരും.
ഏറ്റവും ഒടുവില്‍ സര്‍ക്കാറിന്റെ ഒരു ബസ് മാത്രമാണ് ഓടിയിരുന്നത്. കഴിഞ്ഞ ദിവസം അതിന്റെയും ഓട്ടം നിലച്ചു. 15 വര്‍ഷം പൂര്‍ത്തിയായതോടെ ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് ഓട്ടം നിര്‍ത്തേണ്ടി വന്നത്. അറ്റകുറ്റപ്പണി, ബാറ്ററി മാറ്റല്‍, ജീവനക്കാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ മൂന്ന് ബസുകളുടെ ഓട്ടം 2022 ജനുവരിയില്‍ നിലച്ചിരുന്നു.
സ്വകാര്യ വര്‍ക്ക് ഷോപ്പുകളിലാണ് അറ്റകുറ്റപ്പണി നടത്തുക. ബാറ്ററി മാറ്റല്‍ പോലുള്ള ചെലവ് കൂടുതല്‍വരുന്ന പ്രവൃത്തികള്‍ക്ക് ഫണ്ട് ലഭിക്കാനുള്ള കാലതാമസം ബസിന്റെ ഓട്ടത്തിന് തടസ്സമാകാറുണ്ട്. നാല് ബസുകള്‍ക്ക് എട്ട് ഡ്രൈവര്‍ വേണ്ടിടത്ത് ഉണ്ടായിരുന്നത് വെറും രണ്ട് ഡ്രൈവര്‍മാര്‍ മാത്രം.
ഒരാള്‍ വിരമിച്ചതോടെ മാഹിയില്‍ വനിത ഉള്‍പ്പടെ 10 കണ്ടക്ടര്‍മാരാണുള്ളത്. രണ്ട് പേര്‍ക്ക് പ്രമോഷന്‍ ലഭിച്ചു. രണ്ട് പേരെ വീതം പുതുച്ചേരിയിലേക്കും കാരക്കലിലേക്കും സ്ഥലം മാറ്റി. വകുപ്പു മന്ത്രിയുടെയും സര്‍ക്കാറിന്റെയും കടുത്ത അവഗണന കാരണമാണ് മാഹിയിലെ പൊതുഗതാഗതം ഈ രീതിയില്‍ താളംതെറ്റിയെന്ന് യാത്രക്കാര്‍ ആരോപിച്ചു. ജീവനക്കാര്‍ക്കും കൃത്യമായി ശമ്ബളം ലഭിക്കുന്നുമില്ല.
മാഹി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ചാലക്കര വഴിയും പളളൂര്‍ സ്പിന്നിങ് മില്‍, ചൊക്ലി വഴിയുമാണ് രണ്ട് റൂട്ടുകളിലായി പന്തക്കല്‍ മൂലക്കടവിലേക്ക് ബസ് ഓടിയിരുന്നത്. ഏതാണ്ട് 10 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ട് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ 10 ബസുകള്‍ ഓടിയിരുന്നിടത്ത് സഹകരണ ട്രാന്‍സ്പോര്‍ട്ട് സൊസൈറ്റിയുടെ രണ്ട് ബസുകള്‍ മാത്രമാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് ആശ്രയമായുള്ളത്.
ഇവ ഓടുന്നത് ചാലക്കര റൂട്ടില്‍ മാത്രവും. പി.ആര്‍.ടി.സിയുടെ ചില റൂട്ടുകള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പെര്‍മിറ്റ് സഹകരണ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും തടസ്സം കാരണം മുടങ്ങി.
സര്‍ക്കാര്‍ ബസുകള്‍ നാലും കട്ടപ്പുറത്തായെങ്കിലും അധികൃതര്‍ക്ക് യാതൊരു അനക്കവുമില്ല. പുതുച്ചേരിയില്‍ നിന്ന് പകരം ബസുകള്‍ അയക്കാനോ ഫിറ്റ്നസ് കാലാവധി പുതുക്കാനോ മറ്റ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയാറായിട്ടില്ല. പുതുച്ചേരിയില്‍ നിന്ന് മിനി ബസുകള്‍ മാഹിയിലെത്തിച്ച് സര്‍വിസ് നടത്തണമെന്ന എം.എല്‍.എയുടെ ആവശ്യവും അധികൃതര്‍ അവഗണിക്കുകയാണ്.
മൂലക്കടവ് മുതല്‍ പള്ളൂര്‍ വരെയുള്ള ഭാഗങ്ങില്‍ നിന്നുള്ള യാത്രക്കാര്‍ മാഹിയിലെത്താനും തിരികെ പോകാനും ഏറെ ബുദ്ധിമുട്ടുകയാണ്. 20 രൂപ ബസിന് വേണ്ടിടത്താണ് ഓട്ടോറിക്ഷക്ക് 300 രൂപയും അതില്‍ കൂടുതലും കൊടുക്കേണ്ടി വരുന്നത്. സര്‍ക്കാര്‍ ഓഫിസുകളേറെയും സ്ഥിതി ചെയ്യുന്നത് മാഹി ടൗണിലെ സിവില്‍ സ്റ്റേഷനിലാണ്.
36 സ്കൂളുകളില്‍ ഏറെയും സ്ഥിതി ചെയ്യുന്നതും മാഹിയിലും പള്ളൂരിലുമാണ്. ഏഴ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഇവിടെ തന്നെയാണ്. പൊതുഗതാഗതം നിലനിര്‍ത്താന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ ദുരിതത്തിലാവും.
Post a Comment