സ്വിഫ്ട് ബസ് ഓൺലൈൻ പരിഷ്കാരം ജനമറിഞ്ഞില്ല, ബുക്കിംഗില്‍ ഇടിവ്

 


തിരുവനന്തപുരം: ഒാണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സ്വിഫ്ടിന് കെ.എസ്.ആര്‍.ടി.സി പ്രത്യേക വെബ്‌സൈറ്റ് ഏര്‍പ്പെടുത്തിയതോടെ ബുക്കിംഗില്‍ വന്‍ ഇടിവ്.

യാത്രക്കാരെ അറിയിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പാളിയതോടെ രണ്ടാഴ്ചയായി ബുക്കിംഗ് കാര്യമായി കുറഞ്ഞു. യാത്രക്കാര്‍ ഏറെയുള്ള വേനലവധിക്കാലത്ത് ബുക്കിംഗ് സംവിധാനം മാറ്റിയതും പഴയ വെബ്‌സൈറ്റില്‍ ലഭിക്കുന്ന ബുക്കിംഗുകള്‍ പുതിയതിലേക്ക് കൈമാറുന്നതില്‍ ഐ.ടി വിഭാഗത്തിന് സംഭവിച്ച പാളിച്ചയുമാണ് വരുമാനനഷ്ടത്തിന് ഇടയാക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ പിഴവ് സ്വകാര്യബസുകള്‍ക്ക് നേട്ടമായി.


യാത്രക്കാര്‍ക്ക് പഴയ വെബ്‌സൈറ്റാണ് പരിചിതം. ഏറെപ്പേരും ഇതിലേക്കാണ് എത്തുന്നത്. സ്വിഫ്ടിന് പ്രത്യേകം ബുക്ക് ചെയ്യണമെന്ന സന്ദേശം ഈ പേജില്‍ തെളിയുന്നുണ്ടെങ്കിലും ഫലപ്രദമല്ല. തെരച്ചില്‍ നടത്തുമ്ബോള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് കാണിക്കുന്നത്. ഇതിനൊപ്പം സ്വിഫ്ട് ബസുകള്‍ കൂടി പ്രദര്‍ശിപ്പിക്കുകയും അതില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ പുതിയ വെബ്‌സൈറ്റിലേക്ക് ലിങ്ക് കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ ബുക്കിംഗ് നഷടമാകില്ലായിരുന്നു.

https://online.keralartc.com എന്ന കെ.എസ്.ആര്‍.ടി.സിയുടെ വെബ്‌സൈറ്റിലാണ് ഏപ്രില്‍ വരെ സ്വിഫ്ടിന്റെ ബുക്കിംഗും സ്വീകരിച്ചിരുന്നത്. സ്വിഫ്ടിനു വേണ്ടി ഇപ്പോള്‍ https://onlineksrtcswift.com എന്ന പുതിയ മേല്‍വിലാസമാണുള്ളതെങ്കിലും സ്വിഫ്ട് ബസുകളില്‍ ഇപ്പോഴും പഴയമേല്‍വിലാസമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. വെബ്‌സൈറ്റ് മാറ്റത്തിന് തിരഞ്ഞെടുത്ത സമയവും അനുയോജ്യമായിരുന്നില്ല. തിരക്ക് കുറവുള്ള മണ്‍സൂണായിരുന്നു പറ്റിയസമയം.


വിശേഷാവസരങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയുടെ ബുക്കിംഗ് സംവിധാനം താറുമാറാകുന്നത് ആദ്യമായിട്ടല്ല. ഐ.ടി വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ സ്വകാര്യബസ് ലോബിയെ സഹായിക്കുന്നതായി ഏറെക്കാലമായി ആക്ഷേപമുണ്ട്.

Post a Comment

Previous Post Next Post