സൈബര്‍ ആക്രമണത്തെ തു‍ടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍



കാസര്‍കോട്: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തു‍ടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ആതിര എന്ന യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതിയായ അരുണ്‍ വിദ്യാധരനെ കണ്ടെത്തുന്നതിനുവേണ്ടി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെതിയത്. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരില്‍ യുവതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ആതിരയുടെ അയല്‍ക്കാരനും മുന്‍ സുഹൃത്തുമായിരുന്ന അരുണ്‍ വിദ്യാധരന്‍ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വന്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ആതിരയ്ക്ക് വിവാഹാലോചന നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് ഇയാള്‍ സൈബര്‍ ആക്രമണം നടത്തിയ.ത്. ഇതേത്തുടര്‍ന്ന് ആതിര പൊലീസില്‍ പരാതി നല്‍കി. അരുണിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ആതിരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ ആശിഷ് ദാസിന്‍റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ്. ഭാര്യ സഹോദരിയുടെ ആത്മഹത്യയില്‍ വൈകാരിക കുറിപ്പ് ഇന്നലെ ആശിഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സൈബര്‍ ബുളളിയിങ്ങിലൂടെയുളള കൊലപാതകമാണ് തന്‍റെ സഹോദരിയുടേത് എന്നാണ് ആശിഷ് കുറിച്ചത്.

Post a Comment

Previous Post Next Post