ഭാര്യയേയും മക്കളേയും ഞാന്‍ കൊന്നു': ബ്രിട്ടണില്‍ കൂട്ടക്കൊലപാതകത്തില്‍ കണ്ണൂർ സ്വദേശിയായ ഭര്‍ത്താവിന്റെ കുറ്റസമ്മതം



കണ്ണൂർ : ലണ്ടനില്‍ മലയാളിയായ ഭാര്യയേയും രണ്ട് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റമേറ്റു.

കണ്ണൂര്‍ സ്വദേശിയായ സാജുവാണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായ സാജു ചെലവലേല്‍ (52) എന്ന പ്രതിയെ ജൂലൈയില്‍ ശിക്ഷ വിധിക്കുന്നത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഭാര്യ അഞ്ജു അശോക് (35), മക്കളായ ജീവ സാജു (6), ജാന്‍വി സാജു (4) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്കോടതിയില്‍ എത്തിയ പ്രതി കാര്യമായ എതിര്‍പ്പുകളൊന്നും കൂടാതെ തന്നെ കുറ്റസമ്മതം നടത്തി.


മൂന്ന് കൊലപാതകങ്ങളും തന്റെ കൈകൊണ്ട് നടത്തിയതാണെന്ന് പ്രതി വ്യക്തമാക്കി. ഫോറന്‍സിക് ഉള്‍പ്പടെ ശക്തമായ തെളിവായിരുന്നു പ്രതിക്കെതിരെ ഉണ്ടായിരുന്നത്. തെളിവുകളെല്ലാം എതിരായ സ്ഥിതിക്ക് പ്രതിക്ക് ശക്തമായ ശിക്ഷ തന്നെ ലഭിച്ചേക്കുമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്.


ഇത് തികച്ചും ദാരുണമായ കേസായിരുന്നു, അഞ്ജുവിന്റെയും ജീവയുടെയും ജാന്‍വിയുടെയും ജീവിതം അവസാനിപ്പിക്കാന്‍ സാജു ചെലവേല്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടാക്കിയ നഷ്ടങ്ങള്‍ വിവരിക്കാനാവാത്തതാണ്," നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസിലെ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ സൈമണ്‍ ബാണ്‍സ് പറഞ്ഞു.അദ്ദേഹം പെട്ടെന്ന് തന്നെ കുറ്റം സമ്മതിക്കുകയും അഞ്ജുവിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഒരു വിചാരണയുടെ ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതില്‍ ഞാന്‍ സന്തുഷ്ടനാണ്. അവന്‍ ചെയ്ത കാര്യങ്ങളില്‍ എന്നേക്കും ജീവിക്കേണ്ടിവരും, ഒരു ദിവസം, തന്റെ പ്രവൃത്തികള്‍ സൃഷ്ടിച്ച വേദന അവന്‍ ശരിക്കും മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു," പറഞ്ഞു.


രണ്ടില്‍ കൂടുതല്‍ കൊലപാതകവും അതില്‍ രണ്ടുപേര്‍ കുട്ടികളുമായതിനാല്‍ തന്നെ അതീവ ഗൌരവമേറിയ കുറ്റമാണ് പ്രതി ചെയ്തതെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 15 നായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ കൂട്ടക്കൊലപാതകം. അമ്മയും ഒരു കുട്ടിയും സംഭവ സ്ഥലത്തും രണ്ടാമത്തെ കുട്ടി ആശുപത്രിയിലുമാണ് മരണപ്പെട്ടത്. രാവിലെ ആശുപത്രിയില്‍ ഡ്യൂട്ടിക്ക് എത്തേണ്ട അഞ്ജു സമയത്ത് ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അവര്‍ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു.


ഇതിനടിയില്‍ തന്നെ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


പോലീസിന്റെ ആദ്യ സംശയം തന്നെ ഭര്‍ത്താവിലേക്കായിരുന്നു. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തന്നെ പ്രതി കുറ്റ സമ്മതം നടത്തുകയും ചെയ്തു. കേരളത്തിലെ കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അഞ്ജു അശോക് 2021 മുതല്‍ കെറ്ററിംഗിലെ ലോക്കല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു.


ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച്‌ ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നുവെന്നും പിതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ജുവിനെ ഭര്‍ത്താവ് ഇതിന് മുമ്ബും ഉപദ്രവിച്ചിരുന്നെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു.


അഞ്ജുവിനെ വസ്ത്രത്തില്‍ പിടിച്ച്‌ കുത്തിപ്പിടിച്ച്‌ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും അച്ഛനോട് പറയരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അമ്മ കൃഷ്ണാമ്മ പറഞ്ഞു. ഇരുവരും സൗദിയിലായിരുന്നപ്പോള്‍ സാജുവിനെ ഭയന്നാണ് താനും കുടുംബവും കഴിഞ്ഞിരുന്നതെന്നുമായിരുന്നു അവര്‍ വ്യക്തമാക്കിയത്


Post a Comment

Previous Post Next Post