പയ്യാവൂരിൽ നായാട്ടിനുപോയ റിസോർട്ട് ഉടമ വെടിയേറ്റു മരിച്ചു

 




പയ്യാവൂർ:നായാട്ടിനുപോയ റിസോർട്ട് ഉടമ വെടിയേറ്റു മരിച്ചു. കണ്ണൂർ കാഞ്ഞിരക്കൊല്ലി സ്വദേശി പരത്തനാൽ ബെന്നി (55) ആണ് മരിച്ചത്. തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘത്തിനൊപ്പം ബെന്നി നായാട്ടിന് പോയത്. ഇന്നു പുലർച്ചെയാണ് വെടിയേറ്റു മരിച്ചെന്ന വിവരം പുറത്തുവന്നത്. 

കാഞ്ഞിരക്കൊല്ലി ഏലപ്പാറ വനത്തിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ പയ്യാവൂർ പൊലീസ് ചോദ്യം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിനുശേഷമേ പറയാൻ കഴിയൂ എന്ന് പയ്യാവൂർ പൊലീസ് അറിയിച്ചു. വനം വകുപ്പ് സംഘവും സംഭവം അന്വേഷിക്കുന്നുണ്ട്. ഇവർ മുൻപും നായാട്ടിനുപോയിട്ടുണ്ടെന്നാണ് വിവരം.

ബെന്നിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബെന്നി വിവാഹിതനാണ്. മൂന്നു മക്കളുണ്ട്. കാഞ്ഞിരക്കൊല്ലി, പൈതൽ മല വനങ്ങളിൽ രാത്രി സ്ഥിരമായി നായാട്ടിനു പോകുന്നവർ ഉണ്ട്. പുറത്തുനിന്ന് എത്തുന്നവരും ഉണ്ടെന്നാണ് വിവരം. എന്നാൽ, വനംവകുപ്പ് ഇക്കാര്യം നിഷേധിക്കുന്നു.

Post a Comment

Previous Post Next Post