അഹമ്മദാബാദ്: റണ്‍മല ഉയര്‍ത്തി മടങ്ങിയ റാഷിദ് ഖാന്‍ പടയെ റിങ്കു സിങ്ങിന്റെ അതിമാരക ബാറ്റിങ്ങിലൂടെ കെട്ടുകെട്ടിച്ച് കൊല്‍ക്കത്ത.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സോടെ നിലവിലെ ചാമ്ബ്യന്‍മാരെ പരാജയപ്പെടുത്തി. ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ഒടുവിലെ അഞ്ച് പന്തുകളിലും സിക്‌സര്‍ പറത്തിയാണ് റിങ്കു സിങ് ടീമിന്റെ വിജയ ശില്‍പിയായത്.
റിങ്കു സിങ്ങിന്റെ തീപ്പൊരി ഇന്നിങ്‌സാണ് കൊല്‍ക്കത്തയ്ക്ക് മിന്നുംജയം സമ്മാനിച്ചത്. 21 ബോളില്‍ 48 റണ്‍സെടുത്ത സിങ്ങിന്റെ ബാറ്റില്‍ നിന്നും ആറ് സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് പിറന്നത്. ഇംപാക്‌ട് പ്ലയറായിറങ്ങിയ വെങ്കിടേഷ് അയ്യറുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് തുടക്കത്തില്‍ രണ്ടിന് 28 എന്ന നിലയില്‍ തകര്‍ന്നുകിടന്ന ടീമിനെ മുന്നോട്ടുനയിച്ചത്. 20 റണ്ണായപ്പോള്‍ തന്നെ കൊല്‍ക്കത്ത നിരയില്‍ ആദ്യ വിക്കറ്റും 28ല്‍ രണ്ടാം വിക്കറ്റും വീണു. ഓപണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുല്ല ഗുര്‍ബാസാണ് ആദ്യം പുറത്തായത്. 12 പന്തില്‍ 15 റണ്ണെടുത്ത ഗുര്‍ബാസ് ഒരു സിക്‌സറും ബൗണ്ടറിയും പറത്തി. എട്ട് പന്തില്‍ ആറ് റണ്‍സെടുത്ത സഹ ഓപണര്‍ നാരായണ്‍ ജഗദീശനാണ് പിന്നീട് പുറത്തായത്.
പിന്നീട് വന്ന വെങ്കിടേഷ് അയ്യര്‍ 40 പന്തില്‍ 83 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിനിടെ അഞ്ച് സിക്‌സറുകള്‍ പറത്തി. എട്ട് ബൗണ്ടറികളും പായിച്ചു. കൂടെയുള്ള ക്യാപ്റ്റന്‍ നിതീഷ് റാണയും മികച്ച പ്രകടനം കാഴ്ചവച്ചു. അല്‍സാരി ജോസഫിന്റെ തന്നെ പന്തില്‍ ഷാമി അഹമ്മദ് പിടിച്ച് പുറത്താവുമ്ബോള്‍ നാല് ഫോറുകളും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 29 പന്തില്‍ 45 റണ്‍സായിരുന്നു താരം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. പുറത്താവുമ്ബോള്‍ സ്‌കോര്‍ബോര്‍ഡില്‍ 128. തുടര്‍ന്ന് ടീം സ്‌കോര്‍ 154ല്‍ എത്തിനില്‍ക്കെ അല്‍സാരി ജോസഫിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്‍ പിടിച്ചാണ് അയ്യര്‍ പുറത്താവുന്നത്.
തുടര്‍ന്നായിരുന്നു റിങ്കു സിങ്ങിന്റെ മാസ് വരവ്. ഒരു വശത്ത് റിങ്കു അടി തുടരുമ്ബോള്‍ മറുവശത്ത് തുടര്‍ച്ചയായി വിക്കറ്റുകളും പൊഴിഞ്ഞുകൊണ്ടിരുന്നു. റാഷിദ് ഖാന്റെ പന്തില്‍ ഇംപാക്‌ട് പ്ലയറായ ശ്രീകര്‍ ഭരത് പിടിച്ച് ആന്ദ്രെ റസല്‍ (1), തൊട്ടടുത്ത പന്തില്‍ മറ്റൊരു പകരക്കാരനായ ജയന്ത് യാദവ് (0), അടുത്ത പന്തില്‍ എല്‍ബിഡബ്ല്യു ആയി ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് അടുപ്പിച്ച് കൂടാരം കയറിയത്. എന്നാല്‍ റിങ്കു സിങ് ഒറ്റയ്ക്ക് സ്‌കോര്‍ബോര്‍ഡ് നീക്കി. ഒടുവില്‍ നിര്‍ണായകമായ അവസാന ഓവറില്‍ തോല്‍വിയുറപ്പായ സന്ദര്‍ഭത്തില്‍ റിങ്കുവിന്റെ ബാറ്റില്‍ നിന്നും തീപ്പൊരി പാറി. ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരുന്ന യാഷ് ദയാലിന്റെ അവസാന ഓവറില്‍ ആദ്യ പന്തില്‍ ഒരു റണ്‍. രണ്ടാം പന്തില്‍ സിക്‌സ്. പിന്നീടങ്ങോട്ടുള്ള നാലു പന്തുകളും സിക്‌സര്‍ പറത്തിയപ്പോള്‍ ടീമിന് അതിഗംഭീര വിജയം. റിങ്കു സിങ്ങാണ് കളിയിലെ താരം.
ഗുജറാത്തിനു വേണ്ടി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അല്‍രാസി ജോസഫ് രണ്ടും ജോഷ്വ ലിറ്റിലും ഷാമി അഹമ്മദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നേരത്തെ, വിജയ് ശങ്കറുടേയും സായ് സുദര്‍ശന്റേയും ഫിഫ്റ്റി മികവിലാണ് ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തത്. മത്സരത്തില്‍ ഓപണറായി ഇറങ്ങിയ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. 17 പന്തില്‍ 17 റണ്ണെടുത്ത സാഹ സുനില്‍ നരൈന്റെ പന്തില്‍ നാരായണ്‍ ജഗദീഷന്‍ പിടിച്ച് പുറത്താവുകയായിരുന്നു.
തുടര്‍ന്ന് സഹ ഓപണറായ ശുഭ്മാന്‍ ഗില്ലും മൂന്നാമനായെത്തിയ സായ് സുദര്‍ശനും ചേര്‍ന്ന് റണ്‍ വേഗം കൂട്ടി. ടീം സ്‌കോര്‍ സെഞ്ച്വറിയെത്തിയതോടെ ഗില്‍ വീണു. 31 ബോളുകളില്‍ 39 റണ്‍സായിരുന്നു സമ്ബാദ്യം. പിന്നാലെയെത്തിയ അഭിനവ് മനോഹര്‍ എട്ട് പന്തില്‍ 14 റണ്‍സെടുത്തു നില്‍ക്കെ ബൗള്‍ഡ്. തുടര്‍ന്ന് ടീം അക്കൗണ്ടില്‍ 153 റണ്‍ ആയിരിക്കെ 17.3 ഓവറില്‍ സുദര്‍ശന്‍ പുറത്തേക്ക്. വിജയ് ശങ്കര്‍ കൂറ്റനടികള്‍ തുടര്‍ന്നു. ഒടുവില്‍ മത്സരം അവസാനിക്കുമ്ബോള്‍ 24 പന്തില്‍ നിന്ന് പുറത്താവാതെ 63 റണ്‍സായിരുന്നു വിജയ് ശങ്കറുടെ ബാറ്റില്‍ നിന്നും പിറന്നത്. ഡേവിഡ് മില്ലര്‍ മൂന്ന് പന്തില്‍ പുറത്താവാതെ രണ്ട് റണ്ണെടുത്തു.
നാലില്‍ മൂന്ന് വിക്കറ്റുകള്‍ കൈക്കലാക്കി സുനില്‍ നരൈനാണ് കൊല്‍ക്കത്ത നിരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍. സുയാഷ് ശര്‍മയ്ക്കാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ്. അസുഖബാധിതനായ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ റാഷിദ് ഖാന്റെ നായകത്വത്തിലാണ് മൂന്നാം വിജയം ലക്ഷ്യമിട്ട് ഗുജറാത്ത് ഇന്ന് കളിക്കിറങ്ങിയത്. എന്നാല്‍ നിരാശയായിരുന്നു ഫലം. നേരത്തെ, ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും ഡല്‍ഹി ക്യാപിറ്റല്‍സിനെയുമാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. മറുവശത്ത്, രണ്ടാം വിജയം ലക്ഷ്യമിട്ടാണ് നിതീഷ് റാണയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത ഇന്ന് ഇറങ്ങിയത്. കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ പഞ്ചാബിനോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ ആര്‍സിബിക്കെതിരെ വമ്ബന്‍ ജയം നേടുകയും ചെയ്തിരുന്നു.

Post a Comment