ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൈമാറി; സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു: വി.മുരളീധരന്‍

 


തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

സംഘര്‍ഷത്തില്‍ കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമാണ്. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


സുഡാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൈമാറി കഴിഞ്ഞു. ആല്‍ബര്‍ട്ടിന്റെ പിതാവിനെ നേരില്‍ വിളിക്കുകയും വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ആല്‍ബര്‍ട്ടിന്റെ കുടുംബം അവിടെ സുരക്ഷിതരെന്ന വിവരവും അദ്ദേഹത്തെ അറിയിച്ചു. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മരണത്തില്‍ കുടുംബത്തിന് ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും വി.മുരളീധരന്‍ പറഞ്ഞു.


ഇന്നലെ രാത്രിയായിരുന്നു ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ കൊല്ലപ്പെട്ടത്. താമസിച്ചുകൊണ്ടിരുന്ന ഫ്‌ളാറ്റിലെ ജനല്‍ വഴിയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്ബനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. ആറു മാസമായി സെക്യൂരിറ്റി മാനേജറായി ജോലി ചെയ്തു വരികയാണ്. രണ്ടാഴ്ച മുന്‍പാണ് ഭാര്യ സൈബല്ലയും ഇളയ മകള്‍ മാറീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെയെത്തിയത്. അഗസ്റ്റിന്റെ മകന്‍ ഓസ്റ്റിന്‍ കാനഡയിലാണ്.


Post a Comment

Previous Post Next Post