മാവേലി എക്‌സ്പ്രസില്‍ യുവതിയുടെ വായപൊത്തിപ്പിടിച്ച്‌ മാല പൊട്ടിച്ചു; സംഭവം പുലര്‍ച്ചെ രണ്ടുമണിക്ക്‌

 


കണ്ണൂര്‍: തീവണ്ടിയില്‍ തീവെച്ച സംഭവത്തിനുശേഷം സുരക്ഷ കൂട്ടിയെന്ന് പറയുമ്ബോഴും അക്രമം തുടരുന്നു.

മാവേലി എക്സ്പ്രസിലെ റിസര്‍വ്ഡ് കോച്ചിനകത്ത് വിദ്യാര്‍ഥിനിയായ യുവതിയെ രണ്ടുപേര്‍ ആക്രമിച്ചു. ശൗചാലയത്തില്‍ പോയിമടങ്ങവെ യുവതിയുടെ വായ പൊത്തിപ്പിടിച്ച്‌ മാല പൊട്ടിച്ചെടുത്ത് ഇറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിലെ (16604) എസ് 8 കോച്ചിലാണ് സംഭവം. ആര്‍.പി.എഫ്. കേസെടുത്ത് അന്വേഷണം തുടങ്ങി.


കണ്ണൂര്‍ പഴയങ്ങാടി മണ്ടൂര്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് ആക്രമണത്തിനിരയായത്. തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരികയായിരുന്നു. പുലര്‍ച്ചെ 5.40-ന് പഴയങ്ങാടിയില്‍ ഇറങ്ങുംവരെ ടിക്കറ്റ് പരിശോധകരോ സുരക്ഷാ ഉദ്യോഗസ്ഥരോ വന്നില്ലെന്ന് യുവതി പറഞ്ഞു. ബന്ധപ്പെട്ടവരെ അറിയിക്കാന്‍ മകളോട് ഫോണില്‍ പറഞ്ഞതായി ഇവരുടെ രക്ഷിതാവ്  പറഞ്ഞു. ഒരാള്‍പോലും വരാത്തതിനാല്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി.


എസ് 8 കോച്ചിലെ 54-ാം ബര്‍ത്തായിരുന്നു യുവതിയുടേത്. വണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഷൊര്‍ണൂരാണെന്ന് സംശയിക്കുന്നു. ശൗചാലയത്തില്‍ പോയിവരുമ്ബോഴാണ് അതിനരികിലുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് കൈപിടിച്ച്‌ തിരിച്ച്‌ മുഖംപൊത്തിയത്. ശ്വാസം മുട്ടി. ഇതിനിടയില്‍ കഴുത്തിലെ മാല പൊട്ടിച്ചു. മല്‍പ്പിടിത്തത്തില്‍ ലോക്കറ്റ് കൊണ്ട് കഴുത്തില്‍ മുറിഞ്ഞു. മാലയുടെ ബാക്കി കഷണവുമായി രണ്ടുപേര്‍ ഇറങ്ങിയോടി. ശൗചാലയത്തില്‍ അതിനുമുന്‍പ് പോകുമ്ബോഴും അവര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. ഈ സമയത്തൊന്നും പോലീസോ റെയില്‍വേ സുരക്ഷാസേനയോ അതിലൂടെ വന്നിട്ടില്ല. സംഭവത്തിനുശേഷം ഭയന്നുവിറച്ച്‌ പിന്നീട് ഉറങ്ങിയില്ല. ആരോടും പറഞ്ഞില്ല. പേടി മാറ്റാന്‍ അച്ഛനോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു. പഴയങ്ങാടിയില്‍ വണ്ടിയിറങ്ങിയ ശേഷമാണ് പരാതി നല്‍കിയത്.

Post a Comment

Previous Post Next Post