കണ്ണൂർ: മകനെ ജാമ്യത്തിലിറക്കാൻ വന്ന അമ്മയോട് മോശമായി പെരുമാറിയ ധർമ്മടം സി.ഐയ്ക്ക് സസ്പെൻഷൻ. എടക്കാട് സ്വദേശി അനിൽകുമാറിന്റെ അമ്മയോടാണ് സി.ഐ സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണവിധേയമായാണ് നിലവിൽ ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. മകനെ ജാമ്യത്തിലെടുക്കാൻ വന്ന അമ്മയുടെ അടുത്ത് അസഭ്യം പറയുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഇയാൾക്കെതിരെയുള്ള നടപടി.
സി.ഐ സ്മിതേഷിനെതിരെ സർക്കാർ വാഹനം ദുരുപയോഗം ചെയ്തതടക്കം നിരവധി പരാതികൾ ഇതിന് മുൻപും കമ്മീഷണർക്ക് ലഭിച്ചതായാണ് ലഭ്യമാകുന്ന വിവരം.
ഒരു വാഹനത്തിൽ തട്ടിയെന്ന പരാതിയിലാണ് അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം. അനിൽകുമാറിന്റെ അമ്മയെ ഇയാൾ തള്ളിയിട്ടതായി ആരോപണമുണ്ട്.
നിലത്ത് കിടക്കുന്ന സ്ത്രീ ഹൃദ്രോഗിയാണെന്ന് സമീപത്തുള്ളവർ പറയുന്നുണ്ടെങ്കിലും അമ്മയെ എടുത്തിട്ട് പോയില്ലെങ്കിൽ എല്ലാത്തിനെയും ചവിട്ടുമെന്നാണ് ഇയാൾ ആക്രോശിക്കുന്നത്.
എന്തിനാണ് തന്നെ പോലീസ് പിടികൂടിയതെന്ന് അറിയില്ലെന്ന് അനിൽകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 'അമ്മയെയും ഒപ്പമുണ്ടായിരുന്ന മരുമകനെയും പെങ്ങളെയും അടിച്ചു. സംസാരിക്കാനൊന്നും നിന്നില്ല. ലാത്തികൊണ്ട് അടിയായിരുന്നു. ധർമ്മടം സ്റ്റേഷനിൽ നിന്ന് എടക്കാട് സ്റ്റേഷന്റെ പരിധിയിൽ വന്നാണ് എന്നെ പിടിക്കുന്നത്. കാരണം അന്വേഷിച്ചപ്പോൾ പിന്നീട് പറയാമെന്നായിരുന്നു ലഭിച്ച മറുപടി. സ്റ്റേഷനിലെത്തിയ തന്നെ സി.ഐ മർദിച്ചു. അമ്മയെ സി.ഐ താഴേയ്ക്ക് തള്ളിയിട്ടു. വനിതാ പോലീസ് തടുത്തിട്ടും അദ്ദേഹം നിൽക്കുന്നില്ലായിരുന്നു. സംഭവത്തിൽ തലശ്ശേരി എ.എസ്.പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.'- അനിൽകുമാർ പറഞ്ഞു.

Post a Comment