വന്ദേഭാരത് ട്രയൽറൺ: തിരുവനന്തപുരം - കണ്ണൂർ 7 മണിക്കൂർ 10 മിനിട്ടിൽ ലക്ഷ്യസ്ഥാനത്തെത്തി

 



കോഴിക്കോട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം - കണ്ണൂർ ട്രയൽറൺ വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10 ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിൻ 12.20-ന് കണ്ണൂരിലെത്തി. 7 മണിക്കൂർ 10 മിനിട്ടുകൊണ്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയൽ റണ്ണിനിടെ ട്രെയിൻ നിർത്തിയത്.

ആദ്യത്തെ പരീക്ഷണ ഓട്ടത്തിൽ തന്നെ ഏഴ് മണിക്കൂർ 10 മിനിറ്റിൽ ഓടിയെത്താനായി. ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി നടന്നേക്കും. അപ്പോഴേക്കും സ്റ്റോപ്പുകൾ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാൻ കഴിഞ്ഞേക്കും. ചുരുക്കത്തിൽ വന്ദേഭാരതിൽ ഏഴ് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം-കണ്ണൂർ യാത്ര സാധ്യമായേക്കും.

ഇനി കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചും പരീക്ഷണഓട്ടം നടത്തും. വന്ദേഭാരത് എക്സ്പ്രസിന്റെ അന്തിമ സമയക്രമം ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയാൻ കഴിയുമെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥർ ട്രെയിനിൽ ഉണ്ടായിരുന്നു. ട്രയൽറണ്ണിനിടെ വന്ദേഭാരത് എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിലെത്തിയ സമയം:

തിരുവനന്തപുരത്തുനിന്ന്രാവിലെ 5.10-ന് പുറപ്പെട്ട ട്രെയിൻ രാവിലെ ആറിന് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് ട്രയൽറണ്ണിൽതിരുവനന്തപുരം - കൊല്ലം യാത്രയ്ക്ക് എടുത്തത്.

7.25-ന് കോട്ടയം റെയിൽവെ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. രണ്ടേകാൽ മണിക്കൂറാണ് ട്രയൽറണ്ണിൽ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം - കോട്ടയം യാത്രയ്ക്കെടുത്തത്.

കോട്ടയത്തുനിന്ന് 7.30 ന് യാത്രതിരിച്ച വന്ദേഭാരത് എക്സ്പ്രസ് 8.30ന് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലെത്തി. കൃത്യം ഒരു മണിക്കൂറാണ് കോട്ടയം - എറണാകുളം യാത്രയ്ക്കെടുത്തത്. എറണാകുളം നോർത്ത് സ്റ്റേഷനിൽനിന്ന് പുതിയ രണ്ട് ലോക്കോ പൈലറ്റുമാർ കയറി.

9.37 ന് ട്രെയിൻ തൃശ്ശൂർ സ്റ്റേഷനിലെത്തി. ഒരുമിനിറ്റ് മാത്രം തൃശ്ശൂരിൽ നിർത്തിയ ട്രെയിൻ ഷൊർണൂരിലേക്ക് യാത്രതിരിച്ചു.4 മണിക്കൂർ20 മിനിട്ടാണ് തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്താൻ എടുത്തത്.

തിരൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ 10.46-ന് എത്തി. 10.49-ന് അവിടെനിന്ന് യാത്ര തുടർന്നു.തിരൂർ സ്റ്റേഷനിൽ ബിജെപി പ്രവർത്തകരും തിരൂർ ചേംബർ ഓഫ് കോമേഴ്സും വന്ദേഭാരത് എക്സ്പ്രസിന് സ്വീകരണം നൽകി.


തീവണ്ടി 11.17 ന് കോഴിക്കോടെത്തി. ആറ് മണിക്കൂറും ഏഴ് മിനിട്ടുമാണ് ട്രെയിൻ തിരുവനന്തപുരം- കോഴിക്കോട് യാത്രയ്ക്ക് എടുത്തത്.

ട്രെയിൻ 12.20 ന് കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തി.

Post a Comment

Previous Post Next Post