കോട്ടയം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴി ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ജീവന്‍രേഖ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 30 വരെ നടത്താം.
2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ/ വിവിധ ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളാണ് മസ്റ്ററിംഗ് നടത്തേണ്ടത്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പു രോഗികള്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്ക് വീടുകളില്‍ എത്തി മസ്റ്ററിംഗ് നടത്തും. കിടപ്പ് രോഗികളുടെയും ശാരീരിക അവശത അനുഭവിക്കുന്ന അനുബന്ധ വിഭാഗക്കാരുടെയും പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പരിശോധിച്ച് പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് വീടുകളിലെത്തി നടത്തുക.
ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍/ക്ഷേമ നിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, 85 വയസ്സ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, കിടപ്പു രോഗികള്‍, മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ തുടങ്ങിയവര്‍ അതാതു തദ്ദേശ സ്ഥാപനങ്ങളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിന് 30 രൂപയും വീടുകളിലെത്തി മസ്റ്ററിങ്ങ് നടത്തേണ്ട വിഭാഗക്കാര്‍ക്ക് 50 രൂപയുമാണ് ഫീസ്.
അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് മസ്റ്ററിംഗ് നടത്തുന്നതിന് അനുമതിയുള്ളത്. പല അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളും മസ്റ്ററിംഗ് എന്ന പേരില്‍ ജീവന്‍ പ്രമാണ്‍രേഖ നല്‍കി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. മസ്റ്ററിങ്ങ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകാതെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ പ്രോജക്‌ട് ഓഫീസുമായി ബന്ധപ്പെടാം.

Post a Comment