ഡാറ്റ ഉപയോഗത്തില്‍ റെക്കോര്‍ഡ് തീര്‍ത്ത് ജിയോ ഉപയോക്താക്കള്‍; ഒരു മാസത്തില്‍ 1000 കോടി ജിബി

 


കൊച്ചി: ഡാറ്റ ഉപയോഗത്തില്‍ റെക്കോര്‍ഡിട്ട് ജിയോ ഉപയോക്താക്കള്‍. ഒരു മാസത്തിനുള്ളില്‍ 10 എക്സാബൈറ്റ് അഥവാ 1000 കോടി ജിബി ഡാറ്റയാണ് ഇവര്‍ ഉപയോഗിച്ചത്.

ഡാറ്റ ഉപഭോഗത്തിലെ ഒരു വലിയ കുതിച്ചുചാട്ടമാണിതെന്ന് ജിയോ പറഞ്ഞു. 2016-ല്‍ ജിയോ ടെലികോം വിപണിയില്‍ പ്രവേശിച്ചപ്പോള്‍ ഇന്ത്യയുടെ ഡാറ്റ ഉപഭോഗം ഒരു വര്‍ഷം 4.6 എക്സാബൈറ്റ് ആയിരുന്നു. ഒരു മാസത്തിനുള്ളില്‍ ഒരു ടെലികോം കമ്ബനിയുടെ ഉപയോഗം 10 എക്സാബൈറ്റ് കവിയുന്നത് ഇതാദ്യമാണെന്നും ജിയോ പറഞ്ഞു.


ഡാറ്റ ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ ജിയോ ട്രൂ 5ജി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒരു ശരാശരി ഉപയോക്താവ് പ്രതിമാസം 23.1 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. വെറും രണ്ട് വര്‍ഷം മുമ്ബ്, ഇത് 13.3 ജിബി ആയിരുന്നു. അതായത്, വെറും രണ്ട് വര്‍ഷത്തിനുള്ളില്‍, ഒരു ശരാശരി ഉപയോക്താവ് ഒരു മാസത്തില്‍ 10 ജിബി കൂടുതല്‍ ഡാറ്റ ഉപയോഗിച്ച്‌ തുടങ്ങി. എതിരാളികളെ അപേക്ഷിച്ച്‌ ജിയോ നെറ്റ്വര്‍ക്കിലെ ഉപഭോഗ ശരാശരി ഉയര്‍ന്നതാണ് എന്നും ജിയോ ചൂണ്ടിക്കാണിക്കുന്നു.


റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഏറ്റവും പുതിയ ത്രൈമാസ റിപ്പോര്‍ട്ട് അനുസരിച്ച്‌ രാജ്യത്തുടനീളമുള്ള 60,000 സൈറ്റുകളിലായി 3,50,000-ലധികം 5ജി സെല്ലുകള്‍ ജിയോ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ, ജിയോ ട്രൂ 5ജി ഇന്ത്യയിലുടനീളമുള്ള 2,300 പട്ടണങ്ങളും നഗരങ്ങളും കവര്‍ ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി റോളൗട്ടാണിത്. 2023 അവസാനത്തോടെ ഇന്ത്യയിലുടനീളം 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് കമ്ബനി വാഗ്ദാനം ചെയ്തിട്ടുണ്ട്.


5ജി റോളൗട്ടിനൊപ്പം, അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജിയോ എയര്‍ ഫൈബറും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഫൈബറും എയര്‍ ഫൈബറും ഉപയോഗിച്ച്‌ 100 ദശലക്ഷം വീടുകളെ കവര്‍ ചെയ്യാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.


റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാലാം പാദ ഫലം അനുസരിച്ച്‌ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം പ്രതിമാസം 178.8 രൂപയായി വര്‍ധിച്ചു. ഉപയോക്താക്കള്‍ പ്രതിദിനം 1,459 കോടി വോയ്സ് മിനിറ്റ് ഉപയോഗിക്കുന്നു. ഒരു ശരാശരി ഉപയോക്താവ് മാസം 1,003 മിനിറ്റ് വിളിക്കുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും ജിയോ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Post a Comment

Previous Post Next Post