കണ്ണൂരില്‍നിന്നു വിദേശവിമാനങ്ങളില്ല: കേന്ദ്ര വ്യോമയാന മന്ത്രാലയം

 


ഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശവിമാനങ്ങള്‍ അനുവദിക്കാനാകില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം.

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലെ വ്യത്യസ്ത പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് നല്‍കിയ കത്തിനുള്ള മറുപടിയിലാണു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്. 


മെട്രോ അല്ലാത്ത നഗരങ്ങളിലേക്ക് വിദേശവിമാനങ്ങളെ അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് നിലവില്‍ കേന്ദ്രസര്‍ ക്കാരിനുള്ളതെന്നും മന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 


ശബരിമല വിമാനത്താവളത്തിന് അനുമതി നല്‍കുന്നതിനുള്ള വിഷയം പുതിയ വിമാനത്താവളങ്ങളെക്കുറിച്ചു പരിശോധിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണെന്നു മന്ത്രി പറഞ്ഞു. ഭൂമിയുടെ ബാധ്യതകള്‍ തീര്‍ത്തുള്ള ലഭ്യത സംബന്ധിച്ചു വ്യക്തത വരുത്തണമെന്ന് പ്രസ്തുത കമ്മിറ്റി കെഎസ്‌ഐഡിസിക്കു നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 


കാസര്‍ഗോഡ് പെരിയയില്‍ എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത തേടിയിരുന്നു. ഇക്കാര്യം പരിശോധിച്ചു പരിഗണിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. നിലവിലെ നയമനുസരിച്ച്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ കാര്‍ഗോ സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post