അവധിക്കാല സ്‌പെഷ്യല്‍ എല്‍ എസ് എസ്, യു എസ് എസ് പരിശീലനം വിലക്കി ബാലാവകാശ കമ്മീഷൻ

 


വേനലവധി നഷ്ടപ്പെടുത്തിയുള്ള എല്‍ എസ് എസ്, യു എസ് എസ് പരീക്ഷ പരിശീലനം വിലക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കൊടും ചൂട് കുട്ടികളെ ബാധിക്കാതിരിക്കാന്‍ പരീക്ഷകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്താനും കമ്മീഷന്‍ ഉത്തരവിട്ടു.


ഇതിനായി എല്‍ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉച്ച ഭക്ഷണവും തിളപ്പിച്ചാറിയ വെളളവും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 20-നാണ് എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകള്‍.


അവധിക്കാലത്തെ പരീക്ഷ കാരണം കുട്ടികള്‍ക്ക് വേനലവധി ആസ്വദിക്കാൻ ആകില്ലെന്ന പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകള്‍ക്കായുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രത്യേക പരിശീലനം നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.


രാവിലെയും രാത്രിയും അവധി ദിവസം പോലും കുട്ടികള്‍ പരിശീലന ക്ലാസില്‍ പോകേണ്ട അവസ്ഥയാണ് നിലവിലെന്നും ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത് കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴി വെയ്ക്കുന്നതായും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.


കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ കുട്ടികളെ വേര്‍തിരിച്ചിരുത്തി അവധി ദിവസങ്ങളിലടക്കം പ്രത്യേക പരിശീലനം നല്‍കുന്നതും കമ്മീഷന്‍ വിലക്കി. അനാവശ്യ മത്സര ബുദ്ധിയും സമ്മര്‍ദവും സൃഷ്ടിക്കുന്ന പരീക്ഷകളില്‍ മാറ്റം വരുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.


നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ് കുമാര്‍, അംഗങ്ങളായ സി വിജയകുമാര്‍, ശ്യാമളാദേവി പി പി എന്നിവരുടെ ഫുള്‍ ബഞ്ചാണ് ഉത്തരവിട്ടത്. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.



Post a Comment

Previous Post Next Post