കൂട്ടുപുഴ: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ കേരളത്തിൽനിന്ന് മദ്യവും പണവും ഉൾപ്പെടെ എത്തുന്നത് തടയാനായി മാക്കൂട്ടത്ത് എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചു. 24 മണിക്കൂറും കേരളത്തിൽനിന്ന് കർണാടകയിലേക്ക് കടന്നുപോകുന്ന വാഹനങ്ങളെ പരിശോധിക്കുന്നതിനായാണ് ഇവിടെ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
നേരത്തെ മാക്കൂട്ടത്ത് എക്സൈസ് ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നു. ചാരായ നിരോധനത്തിന്റെ ഭാഗമായി ഇത് പെരുമ്പാടിയിലേക്ക് മാറ്റി. തുടർന്ന് വർഷങ്ങളോളം മാക്കൂട്ടത്ത് എക്സൈസിന് പരിശോധനാ സംവിധാനം ഉണ്ടായിരുന്നില്ല.
ഓണം- പുതുവത്സര ആഘോഷവേളകളിൽ സംയുക്ത മായ പരിശോധനയായിരുന്നു അതിർത്തിയിൽ ഉണ്ടായിരുന്നത്.
കേരളത്തിലേക്കുള്ള ലഹരി വസ്തുക്കളുടെ കടത്തു കൂടിയതോടെ കൂട്ടുപുഴ പാലം കേന്ദ്രീകരിച്ച് കേരള എക്സൈസ് സംഘവും പോലീസും പരിശോധന നടത്താറുണ്ടായിരുന്നു.
കൂട്ടുപുഴ പാലത്തിനപ്പുറം മാക്കൂട്ടത്ത് കോവിഡ് കാലത്ത് കണ്ടെയ്നർ ഉൾപ്പെടെ സ്ഥാപിച്ച് കുടക് ജില്ലാ ഭരണകൂടം ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഈ സംവിധാനമാണ് ഇപ്പോൾ എക്സൈസ് ചെക്ക് പോസ്റ്റ് ആയി പ്രവർത്തിക്കുന്നത്.
കർണാടക എക്സൈസ് സബ് ഇൻസ്പെക്ടർ എച്ച്.സി. ചന്ദ്രയുടെ നേതൃത്വത്തിൽ മൂന്ന് കോൺസ്റ്റബിൾമാർ അടങ്ങുന്ന സംഘമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുക. ഡെപ്യൂട്ടി സൂപ്രണ്ട് നടരാജ് ചെക്ക് പോസ്റ്റ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും.

Post a Comment