ഇരിട്ടി: ആറളം പഞ്ചായത്തിലെ വീര്‍പ്പാട് സ്വകാര്യ ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടക അതിര്‍ത്തിയില്‍ കിളിയന്തറയിലെ മൃഗസംരക്ഷണ ചെക്പോസ്റ്റില്‍ ഉള്‍പ്പെടെ കര്‍ശന പരിശോധന.
വീര്‍പ്പാടിന് ചുറ്റുമുള്ള 10 കിലോമീറ്റര്‍ പ്രദേശത്ത് പന്നിയിറച്ചിയുടെ കയറ്റുമതിയും വില്‍പനയും നിരോധിച്ചുള്ള കലക്ടറുടെ ഉത്തരവ് പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്നുള്ള പരിശോധനയും അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച ആറളത്ത് പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി, റവന്യൂ വകുപ്പ്, അനുബന്ധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം രൂപവത്കരിച്ചാണ് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കിളിയന്തറയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റില്‍ മുഴുവന്‍ സമയവും പരിശോധന നടത്തുന്നുണ്ട്.
ഇവര്‍ക്ക് പുറമേ കൂട്ടുപുഴയിലെ പൊലീസ് ചെക്പോസ്റ്റ് ഉള്‍പ്പെടെ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് പന്നിയിറച്ചി എത്തുന്നുണ്ടോ എന്നും ഇവിടെനിന്ന് അങ്ങോട്ടേക്ക് കൊണ്ടുപോകുന്നുണ്ടോ എന്നും പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. കഴിഞ്ഞ മാസം 27നാണ് ആറളം പഞ്ചായത്തിലെ വീര്‍പ്പാടുള്ള സ്വകാര്യ ഫാമില്‍ പന്നികള്‍ ചത്തുവീണത്.
സംശയം തോന്നിയ ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ജില്ലയില്‍ നിന്നുള്ള വിദഗ്ധസംഘമെത്തി പോസ്റ്റ്മോര്‍ട്ടം നടത്തുകയും സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്തു. സാമ്ബിളുകളുടെ പരിശോധന ഫലം വരുന്നതുവരെ വില്‍പനയും മറ്റും പാടില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എട്ടിന് ബംഗളൂരുവില്‍നിന്ന് പരിശോധനഫലം ലഭിച്ചതോടെയാണ് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ നിന്നുള്ള സംഘം ഫാമില്‍ എത്തിയെങ്കിലും മുഴുവന്‍ പന്നികളും ചത്തതിനാല്‍ അണുനശീകരണം നടത്തി മടങ്ങുകയാണ് ചെയ്തത്. ഈ ഫാമില്‍ നിന്നും മറ്റു ഫാമുകളിലേക്ക് പന്നികളെ കൊടുക്കുകയോ ഇറച്ചി വില്‍പന നടത്തുകയോ ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തന്റെ ഏക ഉപജീവനമാര്‍ഗമാണ് നഷ്ടമായതെന്ന് ഫാം ഉടമ സ്കറിയ പറഞ്ഞു. വിവിധ ബാങ്കുകളിലായി ലക്ഷക്കണക്കിന് രൂപയുടെ കടമുണ്ട്. ജപ്തി നോട്ടീസും കൈയിലുണ്ട്. ഗര്‍ഭിണികളായ പന്നികളടക്കം 30 പന്നികളാണ് ഫാമില്‍ ഉണ്ടായിരുന്നത്.
ശ്രദ്ധവേണം
രോഗം സ്ഥിരീകരിച്ച ആറളത്തെ വീര്‍പ്പാടിന് 10 കി.മീ ചുറ്റളവില്‍ പന്നിമാംസം വിതരണം, വില്‍പന നടത്തുന്ന കടകളുടെ പ്രവര്‍ത്തനം, പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. അന്യസംസ്ഥാനത്തുനിന്നും രോഗം ബാധിച്ച പന്നി ജില്ലയിലേക്ക് കടത്തിയാല്‍ കര്‍ശന നടപടി. ജില്ലയിലെ പന്നിക്കര്‍ഷകര്‍ രണ്ട് ശതമാനം വീര്യമുള്ള ബ്ലീച്ചിങ് പൗഡര്‍ ലായനി ഉപയോഗിച്ച് കൂടും പരിസരവും അണുവിമുക്തമാക്കണം.
ഫോര്‍മലിന്‍ മൂന്ന് മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ച് ടയര്‍ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നീ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം. ഒരുശതമാനം വീര്യമുള്ള പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികള്‍ക്ക് കൈ കാലുകള്‍ അണുവിമുക്തമാക്കാനായി ഉപയോഗിക്കണം. സന്ദര്‍ശകരെ അനുവദിക്കരുത്. ഫാമില്‍ ജൈവസുരക്ഷ കര്‍ശനമായി നടപ്പാക്കണം

Post a Comment