ഏകീകൃതനിറം ഉള്‍പ്പെടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ഒരുവിഭാഗം ടൂറിസ്റ്റ് ബസുകള്‍ അതിര്‍ത്തി കടക്കുന്നു. രജിസ്ട്രേഷന്‍ കര്‍ണാടകത്തിലേക്ക് മാറ്റി ഏകീകൃത നിറമെന്ന നിബന്ധന ഒഴിവാക്കാനാണിത്. തീവ്രതയേറിയ ലൈറ്റിനും ശബ്ദസംവിധാനങ്ങള്‍ക്കും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കര്‍ശന വ്യവസ്ഥകള്‍ കര്‍ണാടകയിലില്ല.
കര്‍ണാടക രജിസ്ട്രേഷന്‍ നേടുന്ന ബസുകള്‍ക്ക് കേരളത്തില്‍ നികുതിയടച്ചാല്‍ ഇവിടെയും ഓടാം. ഏതാനും ബസുകള്‍ ഇതിനകം ഇങ്ങനെ കേരളത്തില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ നിയമങ്ങള്‍ പാലിക്കില്ലെന്നും ഓടാതിരുന്നാലും വെള്ളനിറം അടിക്കില്ലെന്നും ചില ബസുടമകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചിരുന്നു.
2022 ഒക്ടോബറില്‍ വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേരുടെ ജീവനെടുത്ത അപകടത്തിനുശേഷമാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ നിറം, ശബ്ദസംവിധാനം എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ബസുകള്‍ക്ക് ഇവിടെ ഏകീകൃത നിറം നിര്‍ബന്ധിക്കാനാകില്ല.
Post a Comment