ശനിയാഴ്ച മുതൽ 2000 രൂപയിൽ കൂടുതലുള്ള UPI ഇടപാടിന് ഫീസ്;ബാധിക്കുന്നത് ആരെയെല്ലാം.. അറിയാം



മുംബൈ: മുൻകൂട്ടി പണം ശേഖരിച്ചശേഷം ഇടപാടുകൾ നടത്തുന്ന പ്രീപെയ്ഡ് സംവിധാനങ്ങളെ (പി.പി.ഐ.) യു.പി.ഐ. പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി. സി.ഐ.). ഇതനുസരിച്ച് ഇനിമുതൽ ഡിജിറ്റൽ വാലറ്റുകളും പ്രീപെയ്ഡ് കാർഡുകളും യു.പി.ഐ. ആപ്പുകളുമായി ബന്ധിപ്പിച്ച് ക്യു.ആർ. കോഡ് സ്കാൻചെയ്ത് വ്യാപാരികൾക്ക് പണം നൽകാനാകും.

ഇത്തരത്തിൽ 2,000 രൂപയിൽക്കൂടുതലുള്ള ഇടപാടുകൾ നടത്തുമ്പോൾ ഇന്റർചേഞ്ച് ഫീസായി 1.10 ശതമാനംവരുന്ന തുക ഈടാക്കാനും എൻ.പി.സി.ഐ. നിർദേശിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതലാണ് ഇതു പ്രാബല്യത്തിലാകുക. ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് യു.പി.ഐ. വഴി നേരിട്ട് പണം കൈമാറുന്നത് തുടർന്നും സൗജന്യമായിരിക്കും.


ആരെയെല്ലാം ബാധിക്കും?

നിലവിലെ രീതിയിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ള യു.പി.ഐ. ഇടപാടിൽ ഉപഭോക്താവിന് ഒരു പൈസപോലും കൂടുതൽ നൽകേണ്ടിവരില്ല. ഇത്തരം ഇടപാടുകൾ സൗജന്യമായി തുടരും. വ്യാപാരികളുമായി ബന്ധപ്പെട്ട് നടക്കുന്ന യു.പി. ഐ. ഇടപാടുകളിൽ 99.9 ശതമാനവും ഇത്തരത്തിലുള്ളതാണ്.

പുതിയ സംവിധാനമായ ഡിജിറ്റൽ വാലറ്റിൽനിന്നുള്ള 2,000 രൂപയിൽ കൂടിയ ഇടപാടുകൾക്കാണ് ഫീസുള്ളത്. ഇത് വ്യാപാരിയിൽനിന്നാണ് ഈടാക്കുക. വാലറ്റിൽ പണം നിറയ്ക്കുമ്പോൾ ബാങ്കുകൾക്ക് പണം നൽകണമെന്നതിനാൽ പി.പി. ഐ. സേവനദാതാക്കളെയും ഇതു ബാധിക്കാം.

ബാങ്ക് അക്കൗണ്ടിൽനിന്ന് നിശ്ചിത തുക മാറ്റിസൂക്ഷിക്കാൻകഴിയുന്ന മൊബൈൽ ആപ്പുകൾ, നിശ്ചിത തുക ചാർജുചെയ്ത് ഉപയോഗിക്കുന്ന മാഗ്നെറ്റിക് സ്ട്രിപ് കാർഡുകൾ (പ്രീപെയ്ഡ് കാർഡ്) തുടങ്ങിയവയാണ് പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രുമെന്റ്സ് (പി.പി.ഐ.) എന്നറിയപ്പെടുന്നത്.


ഇവയെ യു.പി.ഐ. പ്ലാറ്റ്ഫോമിലാക്കുന്നതിനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിൽനിന്ന് വ്യാപാരികൾക്ക് 2,000 രൂപയിൽക്കൂടുതൽ വരുന്ന തുക കൈമാറുമ്പോൾ, വ്യാപാരികൾ വാലറ്റ് ഇഷ്യു ചെയ്യുന്ന കമ്പനിക്ക് 1.10 ശതമാനം ഇന്റർചേഞ്ച് ഫീസ് നൽകണം.

ഈ വാലറ്റിലേക്ക് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കൈമാറുമ്പോൾ 0.15 ശതമാനം വരുന്ന തുക ഫീസായി വാലറ്റ് ഇഷ്യുചെയ്യുന്ന കമ്പനി ബാങ്കിനും നൽകേണ്ടിവരും. വാലറ്റ് ഇഷ്യു ചെയ്യുന്ന കമ്പനികൾക്ക് അധികവരുമാനം കൊണ്ടുവരുന്നതാണ് തീരുമാനം. വാലറ്റിൽ പണം നിറയ്ക്കുന്നതിന് പണം ലഭിക്കുന്നതിനാൽ ബാങ്കുകൾക്കും നേട്ടമാകും.

Post a Comment

Previous Post Next Post