കെഎസ്‌ആര്‍ടിസി ബസിന് നേരെ തമിഴ്നാട്ടിലെ ഹൊസൂരിന് സമീപം കല്ലേറ്



ബംഗളൂരു: തമിഴ്നാട്ടിലെ ഹൊസൂരിനടുത്ത് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഗജരാജ എസി മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസിന് നേരെയാണ് ആക്രമണമുണ്ടായത്.


ഇന്ന് രാവിലെ ഹൊസൂരിനും ഷൂലഗിരിക്കും ഇടയില്‍ വച്ചായിരുന്നു കല്ലേറ്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. 


പ്രദേശത്ത് ജെല്ലിക്കെട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവിടെയെത്തിയ ബസ് രണ്ട് മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ജനക്കൂട്ടം ബസിന് നേരെ കല്ലെറിയുകയാണുണ്ടായത്. കല്ലേറില്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളില്‍ നിലത്തു കിടന്നാണ് യാത്രക്കാര്‍ കല്ലേറില്‍ നിന്ന് രക്ഷപ്പെട്ടത്. 


പിന്നീട് പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. യാത്രക്കാരെ ബെംഗളൂരു അതിര്‍ത്തിയായ അത്തിബലെയില്‍ എത്തിച്ച്‌ മറ്റ് ബസുകളില്‍ കൊണ്ടുപോയി. ബസിന്റെ തിരുവനന്തപുരത്തേക്കുള്ള ഇന്നത്തെ സര്‍വീസ് റദ്ദാക്കിയതായി കെഎസ്‌ആര്‍ടിസി അറിയിച്ചു.

Post a Comment

Previous Post Next Post