ബസ് കാത്തുനിന്ന മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു
തിരുവനന്തപുരം: ബ്രിട്ടനിലെ ലീഡ്സില്‍ ബസ് കാത്തുനിന്ന മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ചു മരിച്ചു. തിരുവനന്തപുരം മംഗലപുരം തോന്നക്കല്‍ പാട്ടത്തിന്‍കര സ്വദേശി ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ യു.കെ സമയം 8.30ന് ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നു. ബസ് സ്റ്റോപ്പിന് പിന്നിലെ നടപ്പാതയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ആതിര സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആതിരക്കൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ലീഡ്സ് ബെക്കറ്റ് സര്‍വകലാശാലയിലെ പ്രോജക്‌ട് മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിനിയായിരുന്ന ആതിര. പഠനത്തിനായി ഒരു മാസം മുമ്ബാണ് യു കെയിലെത്തിയത്. ആതിരയുടെ ബന്ധു ലീഡ്‌സില്‍ താമസിക്കുന്നുണ്ട്. സ്ട്രാറ്റ്ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
അനില്‍ കുമാറിന്‍റെയും ലാലിയുടെയും മകളായ ആതിരയുടെ ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ ഒമാനിലാണ്. ഇളയ സഹോദരന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഐ ടി കമ്ബനി ജീവനക്കാരനാണ്.

Post a Comment