ചെറുപുഴ : ചെറുപുഴ പഞ്ചായത്തിന്റെ ജീപ്പിന് മുകളിൽ മരം വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30-നായിരുന്നു അപകടം. ഡ്രൈവർ മുഹമ്മദ് റിസ്വാന് (26) പരിക്കേറ്റു. റിസ്വാനെ ആദ്യം ചെറുപുഴയിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
രാജഗിരിയിൽ പുതിയതായി തുടങ്ങുന്ന കരിങ്കൽ ക്വാറിക്കാ യി മണ്ണുമാറ്റുന്നത് സംബന്ധിച്ച് ചെറുപുഴ പഞ്ചായത്തിൽ നാട്ടുകാരും പഞ്ചായത്തംഗവും നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് ചെറുപുഴ പഞ്ചായത്ത് സെക്രട്ടറിയും മറ്റ് രണ്ടുദ്യോഗസ്ഥരും ക്വാറിയിലേക്ക് പോയത്.
ക്വാറിയിലെ റോഡിന്റെ സമീപത്ത് ഉയരമുള്ള മൺതിട്ടയുടെ മുകളിലാണ് തൊഴിലാളികൾ മരം മുറിച്ചുകൊണ്ടിരുന്നത്. മുറിച്ച മരം ജീപ്പിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു.
ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി വിനോദ്കുമാർ, ഉദ്യോഗസ്ഥരായ മധു, പ്രദീപ് എന്നിവരാണ് റിസ്വാനെ കൂടാതെ വാഹനത്തിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാവിലെ മുതൽ ക്വാറിക്കുള്ളിൽനിന്നും ജോലിക്കാർ മരം മുറിക്കുന്നുണ്ടായിരുന്നു. പ്രവേശന കവാടത്തിൽ മണ്ണ് മാന്തി വെച്ച് വാഹനങ്ങളുടെ പ്രവേശനം തടഞ്ഞിരുന്നു. കവാടത്തിലെ മണ്ണുമാന്തി നീക്കിയാണ് പഞ്ചായത്ത് ജീപ്പ് ക്വാറിക്കുള്ളിലേക്ക് പ്രവേശിച്ചത്. ഉയരത്തിലായതിനാൽ ജീപ്പ് വരുന്ന വിവരം മരം വെട്ടുതൊഴിലാളികൾ അറിഞ്ഞില്ല. മരം മുറിക്കുന്ന കാര്യം ജീപ്പിലുള്ളവരും അറിഞ്ഞില്ല. മരം നിലത്ത് കുത്തിയശേഷം ജീപ്പിലേക്ക് വീണതിനാലാണ് അപകടത്തിന്റെ കാഠിന്യം കുറഞ്ഞത്.

Post a Comment