തിരുവനന്തപുരം : സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത് നൂറുകണക്കിന് ഗുണ്ടകള്‍. ഓപ്പറേഷന്‍ ആഗ് എന്ന പേരിലാണ് ഗുണ്ടകള്‍ക്കെതിരെ പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്.
ഇന്നലെ രാത്രി സംസ്ഥാനത്തൊട്ടാകെ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നാനൂറോളം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ ആക്‌ട് പ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിലായിരുന്ന അനൂപ് ആന്‍റണി, അന്തര്‍സംസ്ഥാന മോഷ്ടാവായ ജാഫര്‍ എന്നിവരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. തിരുവനന്തപുരം റൂറലില്‍ 181 പേര്‍ അറസ്റ്റിലായി.
കോഴിക്കോട് നഗരത്തിലും നിരവധി ഗുണ്ടകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ 8 സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടുന്നു. ക്വട്ടേഷന്‍ സംഘത്തെയും മരട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പിടികൂടി. അറസ്റ്റിലായവരുടെ വിശദമായ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. കോഴിക്കോട് റൂറല്‍ പരിധിയില്‍ 147 പേര്‍ കരുതല്‍ തടങ്കലിലാണ്. അറസ്റ്റിലായവരില്‍ 26 പ്രതികളും 13 പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടുന്നു. സാമൂഹിക വിരുദ്ധരും മയക്കുമരുന്ന് കേസിലെ പ്രതികളും കസ്റ്റഡിയിലുണ്ട്.
കോട്ടയത്ത് കാപ്പ ചുമത്തി നാടുകടത്തിയ അഞ്ച് ഗുണ്ടകള്‍ ഉള്‍പ്പെടെ നൂറിലധികം ക്രിമിനലുകളെ കരുതല്‍ തടങ്കലിലാക്കി. പാലക്കാട് ജില്ലയില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി 165 ഓളം വീടുകളില്‍ പ്രത്യേക പരിശോധന നടത്തി. 137 പേരെ കസ്റ്റഡിയിലെടുത്തു. 130 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ ക്രമസമാധാനനില വിലയിരുത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന നടത്തിയത്. പത്തനംതിട്ടയില്‍ 81 പേരെ കസ്റ്റഡിയിലെടുത്തു. അവരുടെ നിലവിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ രേഖപ്പെടുത്തി. തൃശൂര്‍ റൂറലില്‍ 92 പേരെ കരുതല്‍ തടങ്കലിലാക്കി. വാറണ്ട് പ്രതികളില്‍ 37 പേരെ കസ്റ്റഡിയിലെടുത്തു.

Post a Comment