വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സബ് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പണം പിടികൂടി. ഡിവൈഎസ്പി കെ.വി.
വേണുഗോപാലും സംഘവും നടത്തിയ മിന്നല്‍ പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബാലകൃഷ്ണന്‍റെ കൈയില്‍നിന്ന് അനധികൃതമായി കൈവശം വച്ച 7,130 രൂപയും ഇദ്ദേഹത്തിന്‍റെ കാബിനില്‍ കൈക്കൂലി നല്‍കാന്‍ പോയ ആറ് ഏജന്‍റുമാരില്‍നിന്നായി 45,140 രൂപയുമാണ് പിടിച്ചെടുത്തത്.
കൈക്കൂലി നല്‍കാന്‍ ഏജന്‍റുമാര്‍ ക്യൂ നില്‍ക്കുന്ന അപൂര്‍വ കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിഞ്ഞതെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. ഇന്നലെ നടന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്തവരെ വിജയിപ്പിച്ചതിന് കൈക്കൂലി നല്‍കാന്‍ പോയതായിരുന്നത്രെ ഏജന്‍റുമാര്‍. ഇന്നലെ 70 ഓളം ആളുകളാണ് ടെസ്റ്റിന് ഹാജരായത്.
എല്ലാവരും വിവിധ ഡ്രൈവിംഗ് സ്‌കൂളുകാരുടെ ആളുകളായാണ് വരുന്നത്. നേരിട്ടു ഹാജരായാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ടെസ്റ്റ് തോല്‍പ്പിക്കുന്നതുകൊണ്ട് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാരുടെ ആളുകളായി മാത്രമേ ഹാജരാക്കുന്നുള്ളൂ. ഓരോ ആളില്‍നിന്നും 500 രൂപ വീതം പിരിച്ച് കൈക്കൂലി നല്‍കുന്നു. കൂടാതെ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഗ്രൗണ്ടില്‍ വച്ച് വാഹനങ്ങള്‍ പരിശോധിച്ചാണ്. ഇതിന്‍റെയൊക്കെ കൈക്കൂലി നല്‍കുന്നതിനാണ് പണവുമായി ഏജന്‍റുമാര്‍ ഓഫിസിലെത്തിയത്. വിജിലന്‍സ് സംഘം രാവിലെ ടെസ്റ്റ് ഗ്രൗണ്ട് മുതല്‍ രഹസ്യമായി പിന്തുടര്‍ന്നാണ് ഓഫീസില്‍ വച്ച് പിടികൂടിയത്.
അസി. സബ് ഇന്‍സ്‌പെക്‌ടര്‍ വി.ടി.സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ.രഞ്ജിത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ.പ്രമോദ് കുമാര്‍, ടി.വി.രതീഷ്, ജില്ലാ പ്ലാനിംഗ് ഓഫിസിലെ അസി. ടൗണ്‍ പ്ലാനര്‍ പി.വി. ബൈജു എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.
.jpeg)
Post a Comment