പഞ്ഞിമിഠായിയില്‍ വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍; നിര്‍മാണ കേന്ദ്രം പൂട്ടിച്ചു

 


വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞി മിഠായി നിര്‍മ്മിച്ചിരുന്ന കേന്ദ്രം അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ്.


കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിഠായികള്‍ നിര്‍മ്മിച്ചിരുന്നത്.

അഞ്ച് ചെറിയ മുറികളിലായാണ് 25 അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. മിഠായി നിര്‍മ്മാണ മുറിക്ക് സമീപമുള്ള സെപ്റ്റിക് ടാങ്ക് തകര്‍ന്ന നിലയിലായിരുന്നു. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന റോഡമിന്‍ എന്ന രാസവസ്തു ചേര്‍ത്താണ് മിഠായി നിര്‍മ്മിച്ചിരുന്നത്. വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 1000 കവര്‍ മിഠായികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചു. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് തോമസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.


മിഠായി നിര്‍മ്മാണ കേന്ദ്രത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞു. അനധികൃത ഭക്ഷ്യോത്പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും തൊഴിലാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് കൊല്ലം അസിസ്റ്റന്‍റ് കമ്മിഷണര്‍ അജി, കൊല്ലം കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post