ആലപ്പുഴ : പുരുഷാധിപത്യമുള്ള ബോട്ട് ഡ്രൈവിംഗ് മേഖലയില്‍ ഇനി സ്ത്രീ സാന്നിധ്യം. സ്രാങ്ക് ലൈസന്‍സ് നേടുന്ന സംസ്ഥാനത്തെ ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു വീട്ടമ്മ.
ചേര്‍ത്തല പെരുമ്ബളം സ്വദേശിനി സന്ധ്യയാണ് കേരള ഇന്‍ലാന്‍ഡ് വെസല്‍ റൂള്‍ 2010 പ്രകാരമുള്ള സ്രാങ്ക് പരീക്ഷ എഴുതി ഈ ചരിത്രനേട്ടം സ്വന്തം പേരില്‍ കുറിച്ചത്. ബോട്ട്, ബാര്‍ജുകള്‍, മറ്റ് ജലവാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ആണ് സ്രാങ്ക് ലൈസന്‍സ്. മത്സ്യബന്ധന വെസല്‍, ബാര്‍ജുകള്‍ എന്നിവയില്‍ ജോലി നേടാന്‍ ഈ ലൈസന്‍സ് അനിവാര്യമാണ്. ബോട്ട് പരിശീലനത്തിന് ശേഷമായിരുന്നു എഴുത്ത് പരീക്ഷ. തേവര, നെട്ടൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ കെട്ടുവഞ്ചി ഓടിച്ചു പരിചയം ഉള്ളത് സന്ധ്യക്ക് മുതല്‍കൂട്ടായി.
ലാസ്കര്‍ ലൈസന്‍സ് നേടി, കുറഞ്ഞത് 2 വര്‍ഷം എങ്കിലും ജോലി ചെയ്തതിന് ശേഷമേ സ്രാങ്ക് ലൈസന്‍സിന് അപേക്ഷിക്കാനാകൂ. സ്റ്റീയറിംഗ് നിയന്ത്രണം, ബോട്ട് ഓടിക്കല്‍ എന്നീ ജോലികള്‍ എല്ലാം ചെയ്യാന്‍ അധികാരമുള്ള വ്യക്തിയാണ് സ്രാങ്ക്.

Post a Comment