ശ്രീനഗര്‍: ജോഡോ യാത്രയ്ക്ക് നല്‍കിയ പിന്തുണയ്ക്കു നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. “3500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.
ജനങ്ങളുടെ പിന്തുണയാണ് യാത്ര പൂര്‍ത്തിയാക്കാന്‍ കാരണം. ജനങ്ങള്‍ നല്‍കിയ സ്നേഹം പലപ്പോഴും എന്നെ വികാരാധീനനാക്കി”, സമാപന സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തി സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മെഗാ റാലിയില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുത്തു. സി.പി.എം വിട്ടുനിന്നപ്പോള്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ പങ്കെടുത്തു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, ആര്‍എസ്പിയില്‍ നിന്നുള്ള എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലിയെ അഭിസംബോധന ചെയ്തു.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചിരുന്നു. വിമാന സര്‍വീസുകളെയും മഞ്ഞു വീഴ്ച ബാധിച്ചിരുന്നു. സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പല നേതാക്കള്‍ക്കും എത്തിച്ചേരാന്‍ കഴിഞ്ഞില്ല. വിസ്താര എയര്‍ലൈന്‍സ് ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കി. 21 പാര്‍ട്ടികളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ചിലര്‍ പങ്കെടുത്തില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ടിഡിപി തുടങ്ങിയ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന പ്രമുഖ കക്ഷികള്‍.

Post a Comment