തൃശൂർ: സേഫ് ആൻഡ് സ്ട്രോംഗ് തട്ടിപ്പുകേസ് പ്രതി പ്രവീണ്‍ റാണയെ പൊള്ളാച്ചിയിൽനിന്നു പിടികൂടി. കോയന്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലുള്ള ദേവരായുപരത്തുനിന്ന് ഈസ്റ്റ് പോലീസാണ് റാണയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ളാറ്റിൽനിന്നു പോലീസെത്തിയപ്പോൾ വിദഗ്ധമായി കടന്ന റാണ തമിഴ്നാട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോണിൽനിന്നു വീട്ടിലേക്കു ഫോണ്‍ ചെയ്തതോടെയാണു റാണ പോലീസിന്റെ വലയിലായത്. റാണയുടെ കുടുംബാംഗങ്ങളുടെ ഫോണുകൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. റാണയെ കസ്റ്റഡിയിലെടുത്ത വിവരം പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ദേവരായപുരത്തെ ഒരു കരിങ്കൽ ക്വാറിയിലാണു റാണ ഒളിച്ചിരുന്നത്. സന്യാസിവേഷത്തിൽ ഏറുമാടം കെട്ടിയാണ് ഇയാൾ കഴിഞ്ഞിരുന്നതെന്നും പോലീസെത്തിയപ്പോൾ പട്ടികളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ചതായും പറയുന്നു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രവീണ്‍റാണയുടെ കന്പനി കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഇയാൾക്കെതിരേ നിരവധി പരാതികൾ തൃശൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്.

Post a Comment