കടലോളം കാഴ്ചകള്‍ കാണാം; കണ്ണൂരില്‍ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ബീച്ചില്‍

 


കണ്ണൂര്‍: സാഹസിക ടൂറിസത്തിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചില്‍ തുടങ്ങി.

പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ കുടുംബങ്ങള്‍ വിവാഹം നടത്താനായി കേരളത്തെയാണ് തിരഞ്ഞെടുക്കുന്നത്. ഇത് കേരളത്തിന് ലഭിക്കുന്ന അംഗീകാരമാണ്. 2022ല്‍ ഒന്നര കോടിയലധികം ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തി. കേരളത്തിലെ ജനങ്ങളുടേത് മതനിരപേക്ഷ മനസാണ്. കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ജനങ്ങളാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ തീരദേശ-സാഹസിക ടൂറിസ പദ്ധതികള്‍ നടപ്പാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്താണ് ടൂറിസം വകുപ്പിന് കീഴില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ തുടക്കം കുറിച്ചത്.


ഒരാഴ്ച മുന്നേ ബ്രിഡ്ജ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരുന്നെങ്കിലും മന്ത്രിയുടെ വരവിനായി നീട്ടുകയായിരുന്നു. നിരവധിയാളുകള്‍ ഇതോടെ കയറാനാകാതെ മടങ്ങിയിരുന്നു. കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ ഉതകുന്നരീതിയില്‍ പാലം ഒരുക്കിയത് തൂവല്‍ തീരം അമ്യൂസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 


120 രൂപയാണ് പ്രവേശന ഫീസ്. ഇതിനെതിരെ സഞ്ചാരികളില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, അംഗങ്ങളായ കെ.വി ബിജു, കോങ്കി രവീന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. സജിത (മുഴപ്പിലങ്ങാട്), എന്‍.കെ രവി (ധര്‍മടം), മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.


ഫ്ലോട്ടിങ് ബ്രിഡ്ജില്‍ പഴുതടച്ച സുരക്ഷ


പഴുതടച്ച സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനവുമുണ്ട്. പാലത്തിനെ, 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച്‌ ഉറപ്പിച്ചു നിര്‍ത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബര്‍ എച്ച്‌.പി.ഡി.ഇ നിര്‍മിത പാലത്തില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടല്‍ പരപ്പിന് മുകളില്‍ യാത്ര ചെയ്യാനുതകുന്ന രീതിയില്‍ സഞ്ചാരികള്‍ക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. മൂന്ന് മീറ്റര്‍ വീതിയില്‍ രണ്ടുഭാഗത്തും സ്റ്റീല്‍ കൈവരികളോടെ നിര്‍മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയില്‍ സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിര്‍മിച്ചിട്ടുണ്ട്. ഇതില്‍നിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം. 


അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ലഹരി ഉപയോഗിച്ചവര്‍ക്കും പ്രവേശനം അനുവദിക്കില്ല. ഒരേസമയം 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കും.

Post a Comment

Previous Post Next Post