തിരുവനന്തപുരം: പതിനേഴുകാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം വർക്കലയിലെ വടശ്ശേരിക്കോണത്താണ് സംഭവം. ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി സംഗീതയെയാണ് കൊലപ്പെടുത്തിയത്. പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിന് പുറത്ത് രക്തം വാർന്ന നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെ ഗോപു സംഗീതയുടെ വീട്ടിലെത്തി ഫോണിൽ വിളിക്കുകയായിരുന്നു. ഇതിന് ശേഷം പുറത്തേക്ക് വന്ന സംഗീതയുമായി വാക്കേറ്റമുണ്ടാകുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നും ഇപ്പോൾ അകൽച്ചയിലായതിനാലാണ് കൊലപാതകമെന്നുമാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് ഉപയോഗിച്ച് കത്തിയും പ്രതിയുടെ മൊബൈൽഫോണും പോലീസിന് ലഭിച്ചു. ഇതാണ് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. ബഹളം കേട്ട് പ്രതി ഓടി മറയുന്നത് കണ്ടുവെന്ന നാട്ടുാകരുടെ മൊഴിയും നിർണായകമായി.
കസ്റ്റഡിയിലുള്ള പ്രതി ഗോപുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഗീതയ്ക്ക് മറ്റാരെങ്കിലുമായി അടുപ്പമുണ്ടോയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment