കണ്ണൂര്‍: ടൗണിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത പാര്‍പ്പിടമൊരുക്കാന്‍ കോര്‍പറേഷനും. ജില്ല പഞ്ചായത്തിനു പിന്നാലെ ഷീ ലോഡ്ജ് സൗകര്യമൊരുക്കുകയാണ് കോര്‍പറേഷനും.
കണ്ണൂര്‍ കാല്‍ടെക്സിലാണ് രാത്രിയില്‍ സ്ത്രീകള്‍ക്ക് താമസസൗകര്യമൊരുക്കാന്‍ മൂന്നു നിലകളുള്ള ഷീ ലോഡ്ജ് കോര്‍പറേഷന്‍ ഒരുക്കുന്നത്.
കോര്‍പറേഷന്റെ 101 ദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തി കംഫര്‍ട്ട് സ്റ്റേഷനായി നിര്‍മാണം തുടങ്ങിയ കെട്ടിടമാണ് പിന്നീട് ഷീ ലോഡ്ജ് സംവിധാനത്തിനായി ഒരുക്കുന്നത്. ഒരു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്.
താമസവും ഭക്ഷണവും ഒരുക്കി ചെറിയ തുക ഈടാക്കിയാണ് സ്ത്രീകള്‍ക്ക് താമസസൗകര്യമൊരുക്കുക. മൂന്നു നിലകളില്‍ ആദ്യഘട്ടത്തില്‍ 25 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കും.
തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ ഡോര്‍മെറ്ററി അടക്കം കൂടുതല്‍ സൗകര്യമൊരുക്കും. രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത പാര്‍പ്പിടമൊരുക്കാന്‍ ജില്ല പഞ്ചായത്ത് നേരത്തേ ഷീ ലോഡ്ജ് പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഇതിനുപിന്നാലെ ഈ മാതൃക പിന്തുടര്‍ന്ന് കോര്‍പറേഷനും രംഗത്തെത്തുകയായിരുന്നു.
വനിത ഘടകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി അരക്കോടി രൂപയാണ് കോര്‍പറേഷന്‍ അനുവദിച്ചത്. താമസ, ഭക്ഷണ സൗകര്യത്തിന് പുറമെ ഫിറ്റ്നസ് സൗകര്യത്തിനായി ജിം സൗകര്യവും കേന്ദ്രത്തില്‍ ഒരുക്കും. നിര്‍മാണം പൂര്‍ത്തിയായാല്‍ ടെന്‍ഡര്‍ ക്ഷണിച്ച് വനിതാ സഹകരണ സംഘങ്ങള്‍ക്കടക്കം നടത്തിപ്പ് ചുമതല നല്‍കാനാണ് നീക്കം.

Post a Comment