ഒരു മാസം നീണ്ട സോക്കര്‍ കാര്‍ണിവലിനൊടുവില്‍ വിശ്വകിരീടം ലാറ്റിന്‍ അമേരിക്കയിലേക്ക് വിമാനം കയറിയെങ്കിലും ലോകം മുഴുക്കെ ഇപ്പോഴും സോക്കര്‍ ലഹരിയിലാണ്.
നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയായിരുന്നു അര്‍ജന്റീന ലോക ജേതാക്കളായത്. ഓരോ കളിയിലും മാസ്മരിക പ്രകടനവുമായി കളം നിറഞ്ഞ മെസ്സിയുടെ ചിറകേറിയായിരുന്നു ലാറ്റിന്‍ അമേരിക്കന്‍ പടയോട്ടം. മറുവശത്ത്, ഫ്രാന്‍സ് തോറ്റിട്ടും ഹാട്രിക് കുറിച്ച് എംബാപ്പെ ടൂര്‍ണമെന്റിലെ ടോപ്സ്കോററായി.
പോരാട്ടങ്ങള്‍ക്ക് തിരശ്ശീല വീണെങ്കിലും ലോകമൊട്ടുക്കും സോക്കര്‍ ലഹരി ഇപ്പോഴും പഴയ ശക്തിയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖത്തര്‍ ലോകകപ്പിലും തുടര്‍ന്നും ജഴ്സി വില്‍പന 700 ശതമാനമാണ് ആഗോള വ്യാപകമായി ഉയര്‍ന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള കണക്കുകളാണിത്.
മെസ്സി, എംബാപ്പെ എന്നിവരുടെ പേരുള്ള ജഴ്സികളാണ് കൂടുതല്‍ പേര്‍ക്കും വേണ്ടത്. ഇരുവരും ഒന്നിച്ച് പന്തുതട്ടുന്ന പി.എസ്.ജി ക്ലബിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയുള്ള ജഴ്സി വില്‍പനയിലും കാര്യമായ വര്‍ധനയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെസ്സി, എംബാപ്പെ എന്നിവരുടെ പേരുള്ള നൈകി കമ്ബനിയുടെ ജഴ്സിക്ക് മാത്രം 200 ശതമാനമാണ് വര്‍ധന. ഇത്തവണ മികച്ച പ്രകടനവുമായി കൂടുതല്‍ കരുത്തുകാട്ടിയ അമേരിക്കന്‍ ടീമിന്റെ നാട്ടിലും സോക്കര്‍ കൂടുതല്‍ ജനപ്രിയമായി മാറുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
നാടൊട്ടും ഫ്ലക്സ് ഉയര്‍ത്തിയും ഫാന്‍ഫെസ്റ്റുകള്‍ സംഘടിപ്പിച്ചും ലോകകപ്പ് കാലത്ത് ഫുട്ബാള്‍ ലഹരി പടര്‍ന്നുകയറിയിരുന്നു.

Post a Comment