തിരുവനന്തപുരം: ആഡംബര ഹോട്ടലുകളിൽ താമസിച്ച് സുഭിക്ഷമായ ഭക്ഷണവും മദ്യവും ശാപ്പിട്ട് ബിൽ കൊടുക്കാതെ മുങ്ങുന്ന തട്ടിപ്പുകാരൻ പിടിയിൽ. തൂത്തുക്കൂടി സ്വദേശി വിൻസന്റ് ജോൺ(66) എന്നയാളാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടിയിലായത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മാന്യവേഷധാരിയായി ഹോട്ടലുകളിൽ എത്തി മുറിയെടുക്കുന്ന ഇയാൾ ഇംഗ്ലീഷ ഭാഷയിലെ പ്രാവീണ്യം കൊണ്ടാണ് ആളുകളെ മയക്കിയിരുന്നത്. റൂം സർവീസും റെസ്റ്ററന്റ് - ബാർ സൗകര്യങ്ങളും ആവോളം ഉപയോഗിച്ച ശേഷം ബിൽ നൽകാതെ മുങ്ങുന്നതാണ് പതിവ്.
ബിൽ നൽകാതെ മുങ്ങുന്ന ഹോട്ടലുകളിൽ നിന്ന് വിലയേറിയ ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ തന്ത്രപൂർവം കൈക്കലാക്കി കടത്തിക്കൊണ്ട് പോകുന്നതും ഇയാളുടെ പതിവായിരുന്നു. സമാനമായ തട്ടിപ്പ് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ നടത്തിയ ശേഷം മുങ്ങിയ വേളയിലാണ് കൊല്ലത്ത് നിന്ന് ഇയാൾ പിടിയിലായത്.
അഡ്വാൻസ് തുക നൽകാതെ തലസ്ഥാനത്തെ ഹോട്ടലിൽ മുറിയെടുത്ത് സൗകര്യങ്ങൾ ആസ്വദിച്ച ഇയാൾ, ഒരു പാർട്ടിയുടെ ആവശ്യത്തിനായി ലാപ്ടോപ്പ് ആവശ്യപ്പെട്ടിരുന്നു. പാർട്ടി നടത്തിപ്പിനായി ഹോട്ടൽ ജീവനക്കാർ ഏർപ്പാടാക്കിയ ലാപ്ടോപ്പുമായി ഇയാൾ സ്ഥലത്ത് നിന്ന് മുങ്ങി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പേരിലുള്ള ഒരു മൊബൈൽ നമ്പർ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ടവറിന് കീഴെ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കന്റോൺമെന്റ് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
രാജ്യത്തെ ഹോട്ടലുകളിൽ നടക്കുന്ന അഴിമതി പ്രവർത്തനങ്ങളും വ്യഭിചാരകൃത്യങ്ങൾക്കുമെതിരായി ആണ് താൻ തട്ടിപ്പ് നടത്തുന്നതെന്നാണ് പിടിയിലായ ശേഷം ഇയാൾ മാധ്യമങ്ങൾക്ക് മുന്പിൽ അവകാശപ്പെട്ടത്.
കൊല്ലം റാവിസ് അടക്കം ഇന്ത്യയിലെ പല പ്രമുഖ ഹോട്ടലുകളിലും തട്ടിപ്പ് നടത്തിയ ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ തേടി കന്റോൺമെന്റ് സ്റ്റേഷനിലേക്ക് രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ വിളിച്ച് കൊണ്ടിരിക്കുകയാണ്.

Post a Comment