കാസര്‍കോട് നിന്നു ഐസിസിലേക്ക് : പടന്നയിലേക്ക് വീണ്ടും കേന്ദ്ര അന്വേഷണസംഘം

 


പടന്ന ( കാസര്‍കോട്): തീവ്രസംഘടനയായ ഐസിസില്‍ ചേരാന്‍ യെമനില്‍ എത്തിയത് തൃക്കരിപ്പൂര്‍ ഉദിനൂരിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആറംഗ കുടുംബവും പടന്ന സ്വദേശികളായ രണ്ടുപേരുമാണെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലയില്‍ കടുത്ത ആശങ്ക .

ദുബായില്‍ ജോലി വാഗ്ദാനം നല്കി കൊണ്ടുപോകുന്നവരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ദുബായില്‍ വച്ചാണെന്നുമാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

ഇതിനിടെ ഐസിസില്‍ റിക്രൂട്ട്‌മെന്റ് കാസര്‍കോട് ജില്ലയില്‍ വീണ്ടും സജീവമാകുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷം എട്ട് പേര്‍ കൂടി യെമനിലേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു.വര്‍ഷങ്ങളായി ദുബായിലായിരുന്ന കുടുംബം സൗദി അറേബ്യ വഴിയാണ് യെമനിലെത്തിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.


ഇവരെ കൂടാതെ പടന്ന വടക്കേപ്പുറം സ്വദേശികളായ രണ്ടുപേരില്‍ ഒരാള്‍ സൗദി വഴിയും മറ്റൊരാള്‍ ഒമാനില്‍നിന്നുമാണ് പോയത്.ദുബായില്‍ താമസിക്കുന്നതിനിടെയാണ് കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നടത്തിയ അന്വേഷണത്തില്‍ ആദ്യം ആറംഗകുടുംബത്തെക്കുറിച്ചുള്ള വിവരമായിരുന്നു ലഭിച്ചത്.പിന്നീടാണ്, പടന്ന സ്വദേശികളായ രണ്ടുപേരും കൂടി യെമനില്‍ എത്തിയതായി വിവരം ലഭിച്ചിരിക്കുന്നത്.


ഇന്നലെ പ്രത്യേക അന്വേഷണസംഘം ഉദുമയിലും പടന്നയിലും എത്തി കുടുംബാംഗങ്ങളില്‍ നിന്നും മൊഴി ശേഖരിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്നും അന്വേഷണസംഘമെത്തും.


ഒന്‍പത് പേര്‍ അഫ്ഗാന്‍ സൈന്യത്തിന്റെ തടങ്കലില്‍ 

2016ല്‍ പടന്ന, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍നിന്നു നാല് കുടുംബങ്ങളുള്‍പ്പെടെ 21 പേര്‍ ഐസിസില്‍ ചേര്‍ന്നതായി വിവരം ലഭിച്ചിരുന്നു. തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദിന്റെ നേതൃത്വത്തിലാണ് കാബൂള്‍ വഴി ഭൂരിഭാഗം പേരും യെമനിലേക്ക് പോയത്. ഇവരില്‍ ഏഴ് പേര്‍ മലയിടുക്കിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് പിന്നീട് വിവരം ലഭിച്ചിരുന്നു.


സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒമ്ബത് പേര്‍ രണ്ട് വര്‍ഷമായി അഫ്ഗാന്‍ സൈന്യത്തിന്റെ തടങ്കലിലാണെന്ന് വിവരമുണ്ട്. എന്നാല്‍ ഇവരില്‍ പടന്ന സ്വദേശികളായ രണ്ട് പേര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നുള്ളുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍.

Post a Comment

Previous Post Next Post