ന്യൂയോർക്ക്: ശീത കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാന്‍, കാനഡ എന്നിവിടങ്ങളില്‍ ജനജീവിതം പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ശീതക്കാറ്റില്‍ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കിലെ ബഫലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച 109 സെന്‍റീമീറ്റര്‍ ഹിമപാതം ഉണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകള്‍ഭാഗം ആറടി ഉയരത്തില്‍ മഞ്ഞു പൊതിഞ്ഞ നിലയിലാണ്.
ബഫലോയില്‍ മാത്രം 27 പേരാണ് മരിച്ചത്. ഏതാനും പേരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ 18 അടി ഉയരമുള്ള മഞ്ഞുമൂടിക്കിടക്കുന്ന ഒരു വൈദ്യുതി സബ് സ്റ്റേഷന്‍ പൂട്ടി. മണിക്കൂറില്‍ 64 കിലോമീറ്ററിലധികം വേഗതയില്‍ വീശുന്ന ശീതക്കൊടുങ്കാറ്റു കാരണം ഞായറാഴ്ച മാത്രം യുഎസില്‍ 1,707 ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎസിലെ വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ആയിരക്കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി.
ജപ്പാനില്‍ അതിശൈത്യം മൂലം 17 പേര്‍ മരിച്ചു. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് കരുതുന്നത്. ഹിമപാതത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ അപകടങ്ങളാണ് മിക്ക മരണങ്ങള്‍ക്കും കാരണമായത്. വടക്കുകിഴക്കന്‍ ജപ്പാന്‍റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച മൂന്നിരട്ടിയായി.

Post a Comment