ആലക്കോട്: ഖത്തറിൽ ഇന്ന് ദിവസം മുതൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നാടെങ്ങും നിറയുമ്പോൾ കാൽപ്പന്ത് കളിയിൽ മലയോരത്തെ പ്രധാന കേന്ദ്രമായ അരങ്ങം പഞ്ചായത്ത് കവലയും ഫുട്ബോൾ ലഹരിയുടെ നിറവിൽ. ആരാധകരുടെ പ്രിയ താരങ്ങളായ ലയണൽ മെസിയുടെയും നെയിമറിന്റെയും കൂറ്റൻ കട്ടൗട്ടുകളും ഇഷ്ട ടീമുകളായ അർജന്റീനയുടെയും ബ്രസീലിന്റെയും ജർമ്മനിയുടെയും പേരിൽ വലിയ ബോർഡുകളും സ്ഥാപിച്ചുകൊണ്ടാണ് ലോക കപ്പിന്റെ ആവേശത്തെ അരങ്ങത്തെ ഫുട്ബോൾ പ്രേമികൾ വരവേറ്റുകൊണ്ടിരിക്കുന്നത്. മലയോര ഹൈവേയിൽ അരങ്ങത്ത് ആലക്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിലായാണ് പ്രിയ താരങ്ങൾക്കും ടീമുകൾക്കും വിജയാശംസകൾ നേർന്ന് ആരാധകർ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്.മലയോരത്ത് ഫുട്ബോളിന്റെ പ്രധാന കേന്ദ്രമാണ് അരങ്ങം. ഗ്രാമപ്രദേശമാണെങ്കിലും നിരവധി ഫുട്ബോൾ ആരാധകരാണ് ഇവിടെയുള്ളത്. അരങ്ങം മഹാദേവ ക്ഷേത്രമൈതാനിയിൽ പതിറ്റാണ്ടുകളായി നിത്യവും ഫുട്ബോൾ മത്സരങ്ങൾ നടന്നുവരുന്നുണ്ട്. ഫുട്ബോളിനോടും താരങ്ങളോടും ടീമുകളോടും വൈകാരികമായൊരു
ബന്ധം കാത്തുസൂക്ഷിക്കുന്ന തലമുറയാണ് അരങ്ങത്തെ ഫുട്ബോൾ ആരാധകർ. ഈയൊരുബന്ധമാണ് ഇഷ്ട താരങ്ങളുടെയും ടീമുകളുടെയും കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും സ്ഥാപിച്ചുള്ള ഇവരുടെ ആവേശത്തിന് ശക്തിപകരുന്നത്. ദേവ ചൈതന്യം നിറഞ്ഞുനിൽക്കുന്ന അരങ്ങം മഹാദേവ ക്ഷേത്രത്തിന് സമീപത്തായി
പ്രകൃതി രമണീയതയിൽ സ്ഥാപിച്ചിരിക്കുന്ന കട്ടൗട്ടുകളും ബോർഡുകളും മലയോരത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
ബ്രസീലിന്റെയും അർജന്റീന യുടെയും
ജർമ്മനിയുടെയും ആരാധകരാണ് ഇപ്പോൾ രംഗത്തുള്ളത്. വരും ദിനങ്ങളിൽ കൂടുതൽ ടീമുകളുടെ ആരാധകരും ആവേശ പെരുമ്പറമുഴക്കി രംഗത്തുവരുന്നതോടെ ഫുട്ബോളിന്റെ
മാസ്മരിക ലഹരിയെ വരവേൽക്കാൻ കാത്തു നിൽക്കുകയാണ് അരങ്ങം ഗ്രാമം.

Post a Comment