കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ മാഹി വരെ നീളുന്ന ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഉദ്ഘാടനം ഈ വര്‍ഷം പകുതിയോടെ നടക്കുമെന്ന് ആദ്യം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പണി നീണ്ടുപോയത് ഉദ്ഘാടനം വൈകിപ്പിച്ചു. ഇപ്പോള്‍ പാതയുടെ 90% പണിയും കഴിഞ്ഞിരിക്കുകയാണ്. മുഴപ്പിലങ്ങാട് മഠം മുതല്‍ മാഹിക്കപ്പുറം അഴിയൂര്‍ പൂഴിത്തല വരെയാണ് പാത നീളുന്നത്. അതി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാണ് റോഡിന്റെ നിര്‍മ്മാണം.
മാഹി തലശ്ശേരി ഭാഗത്തെ ബ്ലോക്കുകള്‍ ഒഴിവാക്കി ഈ പാത വഴി കോഴിക്കോട് സഞ്ചരിക്കാന്‍ ആകും എന്നതാണ് പ്രത്യേകത. നിലവില്‍ ബ്ലോക്ക് കാരണം കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് എത്താന്‍ റോഡ് വഴി നാലുമണിക്കൂറോളം ആണ് എടുക്കുന്നത്. ഈ പാത ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ ഈ സമയ ദൈര്‍ഘ്യം ഒഴിവാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. ഇപ്പോള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ആറുവരിപ്പാതയുടെ പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഈറോഡ് ആറുവരി പാതയോടൊപ്പം ചേരും.
ആറുവരിപ്പാതയുടെ പണി നടക്കുന്നതിനാല്‍ വൈകുന്നേരം ആയിക്കഴിഞ്ഞാല്‍ ഒരാള്‍ക്ക് കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് ബ്ലോക്ക് കാരണം പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. വടകര, മാഹി, തലശ്ശേരി ഭാഗത്ത് ബ്ലോക്ക് കാരണം ആളുകള്‍ പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. 30 മിനിട്ടുകള്‍ക്കുള്ളില്‍ മുഴപ്പിലങ്ങാട് നിന്ന് അഴിയൂര്‍ വരെ എത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ തലശ്ശേരി നഗരത്തെയും മാഹിയിലും ലഭിക്കാന്‍ സാധ്യതയുള്ള ബ്ലോക്ക് ഒഴിവായി നേരിട്ട് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ കഴിയും.
18.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസ് റോഡ് ദേശീയ പാത വികസന പദ്ധതിയില്‍ 1,300 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചു. 40 വര്‍ഷം മുമ്ബ് സ്ഥലമെടുപ്പ് നടപടികള്‍ തുടങ്ങി 2017ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.30 മാസത്തിനകം പണി പൂര്‍ത്തിയാക്കാനായിരുന്നു യഥാര്‍ത്ഥ പദ്ധതി. 2018, 2019 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കവും കോവിഡ് -19 പകര്‍ച്ചവ്യാധിയും കാരണം ജോലി നീണ്ടുപോയി. കഴിഞ്ഞ മഴക്കാലത്ത് തലശ്ശേരിക്ക് അടുത്തുകൊളശ്ശേരിയില്‍ മേല്‍പ്പാലത്തില്‍ നിന്നും മഴ പെയ്യുമ്ബോള്‍ വെള്ളം താഴേക്ക് ശക്തിയായി ഒലിച്ചിറങ്ങുന്ന വാര്‍ത്ത വിവാദമായിരുന്നു. എന്നാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ ഈ അപാകത ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്.
എറണാകുളം ആസ്ഥാനമായുള്ള EKK ഇന്‍ഫ്രാസ്ട്രക്ചര്‍, GHV ഇന്‍ഫ്ര എന്നീ കമ്ബനികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മാഹി, കുയ്യാലി, ധര്‍മ്മടം, അഞ്ചരക്കണ്ടി എന്നിവിടങ്ങളിലെ നദികള്‍ക്ക് മുകളിലൂടെ കടന്നുപോകുന്ന നാല് നീളമുള്ള പാലങ്ങളാണ് ഈ റേച്ചിലുള്ളത്. വലിയ വാഹനങ്ങളുടെ ഗതാഗതത്തിനായി പ്രത്യേകമായി നാല് സബ്വേകളും സാധാരണ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മറ്റ് 21 അടിപ്പാതകളുമുണ്ട്. ടാറിങ് ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. 16.17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ് റോഡുകളുടെ പ്രവൃത്തിയും പുരോഗമിച്ചു വരികയാണ്.
Post a Comment